ആഡംബര വാച്ചുകൾ കടത്തിയ കേസിൽ തെലങ്കാന മന്ത്രിയുടെ മകന് സമന്‍സ്

0
167

1.7 കോടി രൂപയുടെ രണ്ട് വാച്ചുകൾ കടത്തിയ കേസിൽ തെലങ്കാന മന്ത്രി പൊങ്കുലെട്ടി ശ്രീനിവാസ റെഡ്ഡിയുടെ മകൻ പൊങ്കുലെട്ടി ഹർഷ റെഡ്ഡിക്കെതിരെ ചെന്നൈ കസ്റ്റംസ് വകുപ്പ് സമൻസ് അയച്ചു. ഹോങ്കോങ്ങിൽ നിന്ന് സിംഗപ്പൂർ വഴി വാച്ചുകൾ കടത്തിയെന്നാണ് സൂചന.

ആഡംബര വാച്ചുകൾ വിൽക്കുന്ന മുഹമ്മദ് മുബീനിൽ നിന്നാണ് കസ്റ്റംസ് വാച്ചുകൾ പിടിച്ചെടുത്തത്. ഫെബ്രുവരി അഞ്ചിന് സിംഗപ്പൂരിൽ നിന്ന് തിരിച്ചെത്തിയ ഇയാൾ ബാഗിനുള്ളിൽ രണ്ട് ആഡംബര വാച്ചുകൾ ഒളിപ്പിച്ചിരുന്നതായി കസ്റ്റംസ് അധികൃതർ പറഞ്ഞു.

നവീന്‍ കുമാര്‍ എന്ന മധ്യസ്ഥന്‍ വഴിയാണ് ഹര്‍ഷ റെഡ്ഡി വാച്ചുകള്‍ ഓര്‍ഡര്‍ ചെയ്തത്. ഇയാളാണ് മുഹമ്മദ് മുബീനില്‍ നിന്നും വാച്ചുകള്‍ ഓര്‍ഡര്‍ ചെയ്തത്. ഇടപാടിനായി കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. മുബീന്റെ കൈവശമുണ്ടായിരുന്ന വാച്ചുകളാണ് ഹര്‍ഷയ്ക്കായി ഓര്‍ഡര്‍ ചെയ്തതെന്ന് നവീന്‍ സമ്മതിച്ചിട്ടുണ്ട്.

മാര്‍ച്ച് 28നാണ് ഹര്‍ഷയ്‌ക്കെതിരെ സമന്‍സ് അയച്ചത്. ഏപ്രില്‍ നാലിന് കസ്റ്റംസ് ഓഫീസില്‍ ഹാജരാകണമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഡെങ്കിപ്പനി ബാധിച്ചതിനാല്‍ സമയം നീട്ടി നല്‍കണമെന്ന് ഹര്‍ഷ ആവശ്യപ്പെടുകയായിരുന്നു. ഏപ്രില്‍ 27ന് ഹര്‍ഷ കസ്റ്റംസിന് മുന്നില്‍ ഹാജരാകുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

കച്ചവടത്തിന് മധ്യസ്ഥം നിന്ന നവീന്‍ കുമാറിനെതിരെ കസ്റ്റംസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. 100 കോടിയിലധികം രൂപ വിലമതിക്കുന്ന വാച്ചുകള്‍ കടത്തിയതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് ചെന്നൈ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ആഡംബര വാച്ചുകള്‍ കടത്തിയതുമായി ബന്ധപ്പെട്ട സംഭവങ്ങളും അന്വേഷിച്ച് വരികയാണെന്ന് ചെന്നൈ കസ്റ്റംസ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ആര്‍ ശ്രീനിവാസ നായിക് പറഞ്ഞു. നവീന്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയെന്നും അയാള്‍ക്കെതിരെ അന്വേഷണം ശക്തമാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടാണ് ഹര്‍ഷ റെഡ്ഡിയ്ക്ക് സമന്‍സ് അയച്ചതെന്നും അദ്ദേഹം പറഞ്ഞു.