അരുണാചലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളികൾ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടാൻ ശ്രമിച്ചെന്ന് പോലീസ്

0
64

അരുണാചൽ പ്രദേശിൽ മലയാളികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പുറത്തു വരുന്നത് അന്ധവിശ്വാസങ്ങളുടെ ഞെട്ടിയ്ക്കുന്ന വാർത്തകളാണ്. ആര്യയുടെ ലാപ്‌ടോപ്പ് പരിശോധിച്ച പോലീസുകാർ ഞെട്ടി. ഏതാനും സയൻസ് ഫിക്ഷൻ സിനിമകളിൽ കാണിക്കുന്നതിനേക്കാൾ വിചിത്രമായ ജീവിതമാണ് അവർ നയിച്ചതെന്ന് പോലീസ്. ദിനോസറുകൾ ഇപ്പോഴും ഭൂമിയിൽ ജീവിച്ചിരിപ്പുണ്ടെന്ന് അവർ വിശ്വസിച്ചിരുന്നു. ഈ ഭീകര ജീവികളെ മറ്റേതെങ്കിലും ഗ്രഹത്തിലേക്ക് മാറ്റപ്പെട്ടുവെന്നും അവർ വിശ്വസിക്കുന്നു. ഭൂമിയിലെ മനുഷ്യരും മറ്റ് മൃഗങ്ങളും ഭാവിയിൽ മറ്റൊരു ഗ്രഹത്തിലേക്ക് മാറ്റുമെന്നും നവീനും ദേവിയും ആര്യയും വിശ്വസിച്ചിരുന്നു.

ഏറ്റവും ഒടുവിൽ ഇവർ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെടാൻ ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്. നവീനും ഭാര്യ ദേവിയും ആര്യയും അന്യഗ്രഹ ജീവിയുമായി നിരന്തരം ആശയ വിനിമയം ചെയ്തതിൻ്റെ തെളിവുകൾ പൊലീസിന് ലഭിച്ചു. എന്നാൽ ഈ ചാറ്റിന് പിന്നിൽ മറഞ്ഞിരിക്കുന്ന കൊലയാളിയെയാണ് പോലീസ് തിരയുന്നത്.

മിതി എന്ന് വിളിക്കുന്ന അന്യഗ്രഹ ജീവിയുമായി അവിശ്വസനീയമായ ചാറ്റുകളാണ് ഇവർ നടത്തിയത്. അന്യഗ്രഹ ജീവിതം, ഭൂമിയുടെ പരിണാമം, അന്യഗ്രഹ യാത്ര എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് ഇവർ മിതിയുമായി ആശയ വിനിമയം നടത്തിയിരിക്കുന്നത്. ഭൂമിയിലെ 90 ശതമാനം മനുഷ്യരെയും മറ്റ് രണ്ട് ഗ്രഹങ്ങളിലേക്ക് മാറ്റാൻ കഴിയുമെന്നും ചാറ്റുകളിൽ പറയുന്നുണ്ട്. കൂടാതെ ദിനോസറുതകൾക്ക് വംശനാശം സംഭവിച്ചെന്നത് തെറ്റാണെന്നും അവയെ മറ്റൊരു ഗ്രഹത്തിലേക്ക് മാറ്റുകയായിരുന്നെന്നുമുള്ള തികച്ചും വസ്തുതാപരമല്ലാത്ത വിഷയങ്ങളാണ് ഇവർക്കിടയിൽ സംസാരിച്ചിട്ടുള്ളത്.

വിദ്യാസമ്പന്നരും അദ്ധ്യാപകരുമായ മൂവർ സംഘം ഇത്തരം വിഷയങ്ങളിൽ അൽപ്പം പോലും സംശയം പ്രകടിപ്പിച്ചില്ലെന്നതും ഞെട്ടിയ്ക്കുകയാണ്. മിതി എന്ന പേരിൽ ഇവരുമായി ആശയ വിനിമയം നടത്തിയ വ്യക്തിയെയാണ് ഇപ്പോൾ പൊലീസ് തിരയുന്നത്. ദേവിയെയും ആര്യയെയും വിശ്വസിപ്പിക്കാൻ നവീൻ തന്നെ തുടങ്ങിയ വ്യാജ ഐഡിയാണോ ഇതെന്നും സംശയമുണ്ട്. അരുണാചലിൽ പോയി മരിച്ചാൽ അന്യഗ്രഹത്തിലേക്ക് പോകാമെന്നാണ് ഇവർ വിശ്വസിച്ചിരുന്നതെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു.