രാജീവ് ഗാന്ധി വധക്കേസിൽ പ്രതികളായിരുന്ന മൂന്ന് പേർ ശ്രീലങ്കയിലേക്ക് മടങ്ങി

0
207

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട മൂന്ന് ശ്രീലങ്കൻ പൗരന്മാർ തങ്ങളുടെ രാജ്യത്തേക്ക് മടങ്ങി. മുരുകനും, റോബർട്ട് പയസും, ജയകുമാറുമാണ് ശ്രീലങ്കയിലേക്ക് മടങ്ങിയത്.

ജയിലിലെ നല്ല പെരുമാറ്റത്തിന് 2022 നവംബറിൽ സുപ്രീം കോടതി അവരെ വിട്ടയക്കുകയും തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിൽ പാർപ്പിക്കുകയും ചെയ്തിരുന്നു. അടുത്തിടെ ശ്രീലങ്കൻ പാസ്‌പോർട്ട് ലഭിച്ച ഇവർ ചൊവ്വാഴ്ച തിരികെ പോയി. വിദേശികളുടെ റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസ് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചാൽ അവർക്ക് നാട്ടിലേക്ക് മടങ്ങാമെന്ന് തമിഴ്‌നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു.

രണ്ട് വർഷം മുമ്പ് മോചിതനായ ആറ് പേരിൽ ഒരാളായ ശാന്തൻ കരൾ രോഗം ബാധിച്ച് ചെന്നൈയിലെ ആശുപത്രിയിൽ വച്ച് മരിച്ചു. പേരറിവാളൻ, രവിചന്ദ്രൻ, നളിനി എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയ മറ്റുള്ളവർ.