അരുണാചൽ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് മലയാളികളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന്

0
174

അരുണാചൽ പ്രദേശിൽ മരിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് മലയാളികളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ബുധനാഴ്ച നടക്കും. ബുധനാഴ്ച ഉച്ചയോടെ മൃതദേഹം ഗിറോയിൽ നിന്ന് അരുണാചൽ തലസ്ഥാനമായ ഇറ്റാനഗറിലേക്ക് കൊണ്ടുപോകും. ഇറ്റാനഗറിലെ TRAHMS മെഡിക്കൽ കോളേജ് ആശുപത്രിയിലാകും പോസ്റ്റ്‌മോർട്ടം. ഇതിന് ശേഷം മൃതദേഹങ്ങൾ കേരളത്തിൽ നിന്ന് വരുന്ന ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്നും അരുണാചൽ പോലീസ് അറിയിച്ചു.

പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ബാലൻ മാധവൻ്റെ മകൾ ദേവി (40), ഭർത്താവ് കോട്ടയം മീനടം നെടുംപൊയ്കയിൽ നവീൻ തോമസ് (40), ഇവരുടെ സുഹൃത്ത് വട്ടിയൂർക്കാവ് സ്വസദേശി ആര്യാ നായർ (29) എന്നിവരെയാണ് കഴിഞ്ഞദിവസം അരുണാചലിലെ ജിറോയിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൂന്നുപേരുടെയും കൈഞരമ്പുകൾ മുറിച്ചനിലയിലായിരുന്നു. ശരീരത്തിൽനിന്നു രക്തം വാർന്നാണ് മരണം സംഭവിച്ചതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.

അതേസമയം, മലയാളികളായ മൂവരും എന്തുകൊണ്ടാണ് ജിറോയിലെത്തി ഇത്തരമൊരു കൃത്യം നടത്തിയതെന്ന് അരുണാചൽ പോലീസ് അന്വേഷിക്കുന്നുണ്ട്. മരണാനന്തരജീവിതത്തെക്കുറിച്ച് ദമ്പതിമാർ ഫോണിൽ തിരഞ്ഞതായി പ്രാഥമിക പരിശോധനയിൽ പോലീസ് കണ്ടെത്തിയിരുന്നു. ദുർമന്ത്രവാദം അടക്കമുള്ള കാര്യങ്ങളിലേക്ക് ഇത് വിരൽചൂണ്ടുന്നത്. എന്നാൽ, ഇത്തരം ദുർമന്ത്രവാദങ്ങളുമായി ബന്ധപ്പെട്ട സംഘങ്ങളോ കൂട്ടായ്മകളോ ജിറോയിൽ ഇല്ലെന്നാണ് അരുണാചൽ പോലീസിലെ ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. അതിനാൽ മൂവരും ജിറോയിലെത്തി മുറിയെടുത്തത് എന്തിനാണെന്നതിൽ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മാർച്ച് 28-ന് ജിറോയിലെത്തിയ മൂവരും അഞ്ചുദിവസത്തോളമാണ് ഹോട്ടലിൽ താമസിച്ചത്. നവീൻ തോമസിന്റെ ഡ്രൈവിങ് ലൈസൻസ് നൽകിയാണ് ഇവർ മുറിയെടുത്തിരുന്നത്. ദമ്പതിമാരും ആര്യയും ഹോട്ടലിലെ 305-ാം നമ്പർ മുറിയിലായിരുന്നു താമസം. കഴിഞ്ഞദിവസം ഇവരെ പുറത്തുകാണാതായതോടെ നടത്തിയ പരിശോധനയിലാണ് മൂവരെയും മരിച്ചനിലയിൽ കണ്ടത്.

മൂവരും ജിറോയിൽ എത്തിയതുതൊട്ട് എന്തെല്ലാം ചെയ്തു, എവിടെയെല്ലാം പോയി എന്നതും ലോക്കൽ പോലീസ് അന്വേഷിക്കുന്നുണ്ട്. ജിറോയിൽ അഞ്ചുദിവസമായി തങ്ങിയിട്ടും ഇവർ അരുണാചലിലെ മലയാളികളുമായി ബന്ധമൊന്നും പുലർത്തിയിരുന്നില്ല. അതേസമയം, ഇവിടെ മറ്റാരെങ്കിലുമായി ഇവർക്ക് ബന്ധമുണ്ടോ എന്നകാര്യവും പോലീസ് പരിശോധിച്ചുവരികയാണ്.

ദുർമന്ത്രവാദത്തിന്റെ സൂചനകൾ നൽകുന്ന പലതും ഇവരുടെ ഫോണിൽനിന്ന് കണ്ടെടുത്തതായാണ് വിവരം. തങ്ങൾക്ക് ഒരുപ്രശ്‌നവുമില്ല എവിടേക്കാണോ പോകാൻ വിചാരിച്ചത് അവിടേക്ക് പോകുന്നു എന്നെഴുതിയ കുറിപ്പും മുറിയിൽനിന്ന് കണ്ടെടുത്തിരുന്നു. ബന്ധപ്പെട്ടവരെ വിവരമറിയിക്കാനുള്ള ഫോൺനമ്പറുകളും മൂവരും എഴുതി ഒപ്പിട്ടെന്ന് കരുതുന്ന കുറിപ്പിലുണ്ടായിരുന്നു.

ആര്യയുടെ മൃതദേഹം മുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിലും ദേവിയുടേത് തറയിലുമാണ് കണ്ടെത്തിയത്. നവീന്റെ മൃതദേഹം കുളിമുറിയിലും. മൃതദേഹങ്ങൾക്കരികെ ബ്ലേഡും മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. ബ്ലേഡ് ഉപയോഗിച്ചാണ് ഇവർ ശരീരമാകെ മുറിവേൽപ്പിച്ചതെന്നാണ് നിഗമനം. മുറിയിൽ മൽപ്പിടിത്തം നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നും അരുണാചൽ പോലീസ് പറഞ്ഞിരുന്നു.