കോഴിക്കോട് പതിമൂന്നുകാരന് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു

0
170

കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ പതിമൂന്നുകാരന് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. സാധാരണയായി മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന ഈ രോഗം അപൂർവമായി മാത്രമേ മുനുഷ്യരിലേക്ക് പകരാറുള്ളൂ. പ്രദേശത്ത് പനി ബാധിച്ചവരുടെ വിവരങ്ങൾ ശേഖരിക്കാൻ ആരംഭിച്ചു.

തലച്ചോറിന്റെ ആവരണത്തെ ബാധിക്കുന്ന, കൊതുക് പരത്തുന്ന മാരകമായ ഒരിനം വൈറസ് രോഗമാണ് ജപ്പാൻ ജ്വരം അഥവാ ജാപ്പനീസ് എൻസെഫാലിറ്റിസ്. ഇത് ഒരു ജന്തുജന്യരോഗമാണ്. 1871 ൽ ആദ്യമായി ഇത് ജപ്പാനിലാണ് റിപ്പോർട്ട് ചെയ്ത്. തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു. 1956-ൽ ആണ് ഇന്ത്യയിൽ ആദ്യമായി (തമിഴ് നാട്ടിൽ) ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സ്വച്ഛ ഭാരത് സർവ്വേ പ്രകാരം ഇന്ത്യയിൽ പരിസര ശുചിത്വത്തിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ജില്ലകളായ ഉത്തർപ്രദേശിലെ ഗൊണ്ട, ബസി എന്നീ ജില്ലകളിലാണ് ജപ്പാൻ ജ്വരം എറ്റവും അധികം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഇത് പകരുന്നത് ക്യൂലെക്സ് കൊതുകു വഴിയാണ്. ഇതേ വിഭാഗത്തിലുള്ള കൊതുകുകളാണ് മന്തുരോഗവും ഉണ്ടാക്കുന്നത്. ഈഡിസ് ശുദ്ധജലത്തിൽ മുട്ടയിട്ടു പെരുകുമ്പോൾ ക്യൂലെക്സ് കൊതുകുകൾ മുട്ടയിടുന്നത് കെട്ടിക്കിടക്കുന്ന മലിനജലത്തിലാണ്.

പന്നികളിലും ചിലയിനം ദേശാടനപക്ഷികളിലും നിന്നാണ് കൊതുകുകൾക്ക് വൈറസിനെ ലഭിക്കുന്നത്. ഈ കൊതുകുകൾ മനുഷ്യനെ കടിക്കുമ്പോൾ അവർക്ക് രോഗം വരുന്നു. എന്നാൽ മനുഷ്യനിൽ നിന്നും വേറൊരാൾക്ക് കൊതുകുകളിലൂടെ പോലും രോഗം പകരില്ല.

ശക്തമായ പനി, വിറയൽ, ക്ഷീണം, തലവേദന, ഓക്കാനവും ഛർദിയും ഓർമക്കുറവ്, മാനസിക വിഭ്രാന്തി, കോച്ചലും വെട്ടലും, ബോധക്ഷയം, തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങൾ. മസ്തിഷ്കത്തെ ബാധിക്കുന്ന ഈ രോഗം മൂർഛിച്ചാൽ മരണവും സംഭവിക്കാം.

വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നതിനും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിനുമിടയിൽ അഞ്ചുദിവസം മുതൽ മൂന്ന് ആഴ്ചകൾ വരെ കടന്നുപോയേക്കാം. കുട്ടികളുടെ ആർജ്ജിത പ്രതിരോധശേഷി പൊതുവിൽ കുറവായതിനാൽ അവരെയാണ് രോഗം പെട്ടെന്നു ബാധിക്കുന്നത്.