ഭരണഘടന അനുസരിച്ച് പ്രവർത്തിക്കാൻ ഗവർണർമാരോട് പറയേണ്ട സമയമായെന്ന് ജസ്റ്റിസ് ബി വി നാഗരത്ന

0
163

സംസ്ഥാന സർക്കാരുകൾ പാസാക്കിയ ബിൽ ഗവർണർ പാസാക്കാത്ത പ്രവണത ഇപ്പോൾ ഒരു ട്രെൻഡായി മാറിയിരിക്കെ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി വി നാഗരത്ന ആശങ്ക പ്രകടിപ്പിച്ചു. ഗവർണർ പദവി ഗൗരവമേറിയ ഭരണഘടനാ പദവിയാണ്. ഗവർണർമാർ ഭരണഘടനയനുസരിച്ച് പ്രവർത്തിക്കണം. ഗവർണർമാരോട് അവരുടെ കടമ നിർവഹിക്കാൻ പറയേണ്ടി വരുന്നത് തികച്ചും ലജ്ജാകരമാണ്. ഭരണഘടന അനുസരിച്ച് പ്രവർത്തിക്കാൻ ഗവർണർമാരോട് പറയേണ്ട സമയമായെന്നും അവർ പറഞ്ഞു.

ഹൈദരാബാദിലെ NALSAR യൂണിവേഴ്സിറ്റി ഓഫ് ലോ സംഘടിപ്പിച്ച ‘കോടതികളും ഭരണഘടനയും’ എന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുപ്രീം കോടതി ജഡ്ജി. തമിഴ്നാട്, കേരളം, തെലങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ നടപടികളിൽ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് ജസ്റ്റിസ് നാഗരത്നയുടെ നിരീക്ഷണം.

നേരത്തെ നോട്ട് നിരോധനത്തിനെതിരായ വിയോജിപ്പിലൂടെ ശ്രദ്ധേയയായിരുന്നു ജസ്റ്റിസ് നാഗരത്‌ന. കഴിഞ്ഞ വർഷം ജനുവരിയിൽ ഒരു വിധിന്യായത്തിൽ അവർ നോട്ട് അസാധുവാക്കൽ മൂലം ജനങ്ങൾക്കുണ്ടായ ദുരവസ്ഥ വിശദീകരിച്ചിരുന്നു. കേസ് പരിഗണിച്ച ബെഞ്ചിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി.