തുടർച്ചയായി രണ്ടാം വിജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്

0
192

ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് 12 റൺസിൻ്റെ വിജയം. 186 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുക്കാനേ സാധിച്ചുള്ളൂ. അവരുടെ തുടക്കവും മികച്ചതായിരുന്നില്ല. സ്കോർ 30ൽ എത്തിയപ്പോൾ നാലാം ഓവറിൽ മിച്ചൽ മാർഷ് (23) പുറത്തായി.

മാർഷ് 12 പന്തിൽ അഞ്ച് ബൗണ്ടറികളുടെ സഹായത്തോടെ 23 റൺസെടുത്തു. അതേ ഓവറിൽ റിക്കി ഭുയിയും (0) പുറത്തായി. ഇതോടെ ടീം സമ്മർദത്തിലായി. പിന്നീട് ഡേവിഡ് വാർണറും (49) ഋഷഭ് പന്തും (28) ടീമിനെ മുന്നോട്ട് നയിച്ചു. എന്നാൽ പന്തിന് പെട്ടെന്ന് സ്കോർ ചെയ്യാൻ കഴിഞ്ഞില്ല.

വാർണർ 34 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സും സഹിതം 49 റൺസെടുത്തു. ട്രിസ്റ്റൻ സ്റ്റബ്‌സ് (23 പന്തിൽ 44 റൺസ്) അവസാന നിമിഷം ടീമിനെ വിജയത്തിലെത്തിച്ചു. മൂന്ന് സിക്സും രണ്ട് ഫോറും അടിച്ചു. അഭിഷേക് പോറൽ 9 റൺസെടുത്തു.

അതുപോലെ അക്ഷർ പട്ടേൽ(15) വേഗം സ്‌കോർ ചെയ്യുന്നതിലും പരാജയപ്പെട്ടു. അവസാന ഓവർ എറിഞ്ഞ ആവേശ് ഖാനാണ് മത്സരം രാജസ്ഥാന് അനുകൂമാക്കിയത്. നേ്രന്ദ ബർഗർ, യുസവേന്ദ്ര ചാഹൽ എന്നിവർ രണ്ട് വിക്കറ്റെടുത്തു. ശേഷിച്ച ഒരു വിക്കറ്റ് ആവേശ് ഖാൻ സ്വന്തമാക്കി.

നേരത്തെ ടോസ് നേടിയ ഡൽഹി രാജസ്ഥാനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാൽ പ്രതീക്ഷിച്ചത് പോലെ റൺസ് വന്നില്ല എന്ന് മാത്രമല്ല മുൻ നിര ഒന്നാകെ തകർന്ന് രാജസ്ഥാൻ പ്രതിരോധത്തിലാവുകയും ചെയ്തു. രണ്ടാം ഓവറിൽ തന്നെ യശസ്വി ജെയ്‌സ്വാൾ(5) പുറത്തായി.

സ്വാഭാവികമായ മത്സരം പുറത്തെടുക്കാൻ നന്നായി ബുദ്ധിമുട്ടിയിരുന്നു ജെയ്‌സ്വാൾ. ഒടുവിൽ മുകേഷ് കുമാറിന്റെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു താരം. ജോസ് ബട്‌ലറുടെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. 16 പന്തിൽ 11 റൺസാണ് താരം ആകെ അടിച്ചത്. ഒരു ബൗണ്ടറി പോലും ഇന്നിംഗ്‌സിലുണ്ടായിരുന്നില്ല.

ബട്‌ലർ പുറത്താവും മുമ്പ് തന്നെ സഞ്ജു സാംസൻ(15) പുറത്തായിരുന്നു. മൂന്ന് ബൗണ്ടറിയടിച്ച് തുടക്കം മികച്ചതാക്കിയ സഞ്ജുവിന് പക്ഷേ മുന്നോട്ട് പോകാനായില്ല. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിൽ പിടിച്ച് നിൽക്കാനാവാതെ സഞ്ജു മടങ്ങുകയായിരുന്നു. പിന്നീടാണ് രാജസ്ഥാൻ ഇന്നിംഗ്‌സ് മികച്ച രീതിയിൽ മുന്നോട്ട് പോയത്. ബട്‌ലർക്ക് ശേഷം ക്രീസിലെത്തിയ രവിചന്ദ്രൻ അശ്വിൻ(29) റിയാൻ പരാഗ്(84*) എന്നിവർ ചേർന്നാണ് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയത്.

അശ്വിനാണ് ഇതിൽ കടന്നാക്രമണത്തിന് തുടക്കമിട്ടത്. മൂന്നിന് 36 എന്ന നിലയിൽ നിന്ന് പതിനാലാം ഓവറിൽ 90 റൺസിലെത്തിച്ചത് ഈ കൂട്ടുകെട്ടാണ്. 54 റൺസിന്റെ കൂട്ടുകെട്ടാണ് പിറന്നത്. അശ്വിൻ മൂന്ന് സിക്‌സറാണ് പറത്തിയത്. 19 പന്തുകളാണ് നേരിട്ടത്. അതേസമയം അതിന് ശേഷം വന്ന ധ്രുവ് ജുറലുമായി അടുത്ത 50 റൺസ് കൂട്ടുകെട്ടും പരാഗുണ്ടാക്കി.

45 പന്തിൽ ഏഴ് ബൗണ്ടറിയും ആറ് സിക്‌സറും അടങ്ങുന്തായിരുന്നു പരാഗിന്റെ കിടിലൻ ഇന്നിംഗ്‌സ്. ഹെറ്റ്മയർ 7 പന്തിൽ 14 റൺസുമായി പുറത്താവാതെ നിന്നു. ഡൽഹി ബൗളർമാരിൽ ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, നോർക്കിയ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റെടുത്തു.