എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്ക് വോട്ട് അഭ്യർത്ഥിച്ച് കമൽഹാസൻ

0
429

നടനും മക്കൾ നീതി മയ്യം പാർട്ടി അധ്യക്ഷനുമായ കമൽഹാസൻ വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ കെ കെ ശൈലജയ്ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു. ഇന്ത്യയെ നിലനിറുത്താനുള്ള പോരാട്ടത്തിലെ പ്രധാന കണ്ണിയാണ് കെകെ ശൈലജയെന്നും കോവിഡ് കാലത്ത് ലോകം രോഷാകുലരായപ്പോഴും കരുത്തും നേതൃപാടവവും പ്രകടിപ്പിച്ച നേതാവാണ് കെകെ ശൈലജയെന്നും കമൽഹാസൻ പറഞ്ഞു. കെ കെ ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് കമൽഹാസൻ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് അഭ്യർത്ഥിച്ചത്.

നിപ, കോവിഡ് കാലത്തെ ആരോഗ്യമന്ത്രി എന്ന നിലയിലുള്ള കെ.കെ ശൈലജയുടെ പ്രവര്‍ത്തനത്തെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. ‘2018ല്‍ കോഴിക്കോട് നിപ പടര്‍ന്നുപിടിച്ചപ്പോള്‍ ഓഫീസിലിരുന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയല്ല അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെ.കെ ശൈലജ ചെയ്തത്. കോഴിക്കോട് ക്യാംപ് ചെയ്ത് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അവശ്യ മരുന്നുകള്‍ എത്തിക്കുകയും മാതൃകപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുകയും ചെയ്തു. അതിലും മികച്ചതായിരുന്നു കോവിഡ് കാലത്തെ ആരോഗ്യമന്ത്രി എന്ന നിലയിലുള്ള അവരുടെ പ്രവര്‍ത്തനം, കോവിഡ് നിയന്ത്രണത്തില്‍ കേരളം രാജ്യത്തിന് മാതൃകയായതും അതിന് വഴിവെച്ചതും കെ.കെ ശൈലജയുടെ നേതൃത്വം തന്നെയാണ്’- കമല്‍ഹാസന്‍ പറഞ്ഞു.

കേന്ദ്രത്തില്‍ കനത്ത വെല്ലുവിളി നേരിടുന്ന സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും. ഈ വ്യവസ്ഥിതിക്കെതിരെ പാര്‍ലമെന്‍റിന് അകത്തും പുറത്തും ശബ്ദം ഉയര്‍ത്താന്‍ കെ.കെ ശൈലജയെ പോലെ പല നേതാക്കളെയും നമുക്ക് വേണം. കെ.കെ ശൈലജയ്ക്ക് ചുറ്റിക അരിവാള്‍ നക്ഷത്രത്തില്‍ വോട്ട് ചെയ്ത് വിജയപ്പിക്കണമെന്നും കെ.കെ ശൈലജയ്ക്ക് വിജയാശംകള്‍ നേരുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു.