അടൂരിൽ ലോറിയിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി

0
279

അടൂരിൽ ലോറിയിടിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. അനുജയും ഹാഷിമും തമ്മിൽ കാറിൽ മൽപിടുത്തമുണ്ടായതായി ദൃക്‌സാക്ഷി ശങ്കർ മാരൂർ പറഞ്ഞു. അപകടത്തിന് മുമ്പ് കാർ ശ്രദ്ധയിൽപ്പെട്ടതായും ആലയിൽപ്പടിയിൽ വച്ച് കാർ കണ്ടതായും ശങ്കർ പറയുന്നു.

ഓട്ടത്തിനിടെ അനുജ ഇരുന്ന ഭാ​ഗത്തെ കാറിന്റെ ഡോർ മൂന്നു തവണ തുറന്നുവന്നും കാലുകൾ പുറത്തിടുന്നത് കണ്ടിരുന്നുവെന്നും ശങ്കർ മരൂർ പറഞ്ഞു. കാർ പലവട്ടം വലത്തേക്ക് പാളിയിരുന്നെന്നും ശങ്കർ വെളിപ്പെടുത്തി. അമിത വേ​ഗതയിൽ എത്തിയ കാർ ലോറിയിലേക്ക് ഇടിക്കുകയായിരുന്നുവെന്ന് ലോറി ഡ്രൈവറിന്റെ മകൻ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തൽക്ഷണം മരിച്ചിരുന്നു.

കുളക്കടയിൽവെച്ചാണ് ഹാഷിം വാഹനം തടഞ്ഞുനിർത്തി ഹാഷിം അനുജയെ കാറിൽ കയറ്റി കൊണ്ട് പോയതെന്ന് പ്രധാനാധ്യാപിക. ഹാഷിം വിളിച്ചപ്പോൾ അനൂജ ആദ്യം പോയില്ലെന്നും പിതൃസഹോദരൻ്റെ മകനാണെന്ന് പറഞ്ഞതായും രംഗം വഷളായപ്പോൾ അനുജ പോയെന്നും പ്രധാനാധ്യാപിക പറഞ്ഞു. അസ്വാഭാവികത അനുഭവപ്പെട്ട് അധ്യാപികമാർ അനുജയെ ഫോണിൽ വിളിച്ചപ്പോൾ താൻ മരിക്കാൻ പോകുകയാണെന്ന് പറഞ്ഞ് അനുജ കരയുകയായിരുന്നുവെന്ന് പ്രധാനാധ്യാപിക പറഞ്ഞു.

അപകടത്തിൽപ്പെട്ട കാറിൽ നിന്നും മദ്യക്കുപ്പിയും കണ്ടെത്തി. കാർ എതിർ ദിശയിൽ വന്ന കണ്ടെയ്‌നർ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നിരുന്നു. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഈ കാർ വാടകയ്ക്ക് എടുത്തതാണ്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. അനുജയ്ക്ക് 11 വയസുള്ള മകനുണ്ട്. കായകുളം സ്വദേശിയാണ് ഭർത്താവ്.