മാർച്ച് 23; ധീര പോരാളി ഭഗത് സിംഗിൻ്റെ രക്തസാക്ഷി ദിനം

0
180

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര പോരാളിയായ ഭഗത് സിംഗിൻ്റെ രക്തസാക്ഷിത്വ ദിനമായി മാർച്ച് 23 ആചരിക്കുന്നു. രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ ജീവൻ ബലിയർപ്പിച്ച യുവ സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിക്കുന്ന ദിനമാണിത്. ഭഗത് സിംഗിനെയും അദ്ദേഹത്തിന്റെ രണ്ട് കൂട്ടാളികളായ സുഖ്‌ദേവ് ഥാപ്പറിനെയും ശിവറാം രാജ്ഗുരുവിനേയും മാർച്ച് 23, 1931ലാണ് ബ്രിട്ടീഷ് സർക്കാരിൻ്റെ ഉത്തരവനുസരിച്ച് തൂക്കിലെറ്റി. രക്തസാക്ഷികളോടുള്ള ആദരസൂചകമായി ഇന്ത്യാ ഗവൺമെൻ്റ് മാർച്ച് 23 ഷഹീദ് ദിവസ് അല്ലെങ്കിൽ രക്തസാക്ഷി ദിനമായി പ്രഖ്യാപിച്ചു.

1907 സെപ്റ്റംബർ 28 ഇന്ത്യയിലെ പഞ്ചാബിൽ (ഇപ്പോൾ പാകിസ്ഥാൻ) ഒരു സിഖ് കുടുംബത്തിലാണ് ഭഗത് സിംഗ് ജനിച്ചത്. ഷഹീദ്-ഇ-അസം ഭഗത് സിംഗ് എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ആദ്യ വിപ്ലവകാരിയായി അദ്ദേഹത്തിനെ കണക്കാക്കുന്നു. ലാഹോർ ഗൂഢാലോചനയിൽ പങ്കാളിയായതിനെ തുടർന്ന് ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തെ വധശിക്ഷക്ക് വിധേയനാക്കി.

തന്റെ ബാല്യകാലം മുതൽതന്നെ ഭഗത് സിംഗ്, ബ്രിട്ടീഷ് രാജിനെതിരായി പ്രവർത്തിച്ചിരുന്നു. അക്കാലത്ത് അദ്ദേഹം വായിച്ചിരുന്ന യൂറോപിലെ വിപ്ലവ സംഘടനകളെക്കുറിച്ചുള്ള പുസ്തകങ്ങൾ അദ്ദേഹത്തെ കമ്യൂണിസ്റ്റ് ആശയങ്ങളോട് അടുപ്പിച്ചു. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസ്സോസ്സിയേഷൻ എന്ന കമ്യൂണിസ്റ്റ് വിപ്ലവസംഘടനയുടെ സ്ഥാപകനേതാക്കളിലൊരാൾ കൂടിയാണ് ഭഗത് സിംഗ്. ഇതിലൂടെ സ്വാതന്ത്ര്യസമരത്തിന് വേണ്ടി പോരാടാൻ ആയിരങ്ങളെ പ്രചോദിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ചരിത്രം
1928 ഒക്ടോബർ 30-ന് സർ ജോൺ സൈമണിൻ്റെ ലാഹോർ സന്ദർശനത്തിനെതിരെ ‘സൈമൺ, ഗോ ബാക്ക്’ എന്ന മുദ്രാവാക്യവുമായി ലാലാ ലജ്പത് റായ് ഒരു അഹിംസാത്മക പ്രകടനം സംഘടിപ്പിച്ചു. പ്രകടനം സമാധാനപരമായിരുന്നുവെങ്കിലും, പോലീസ് സൂപ്രണ്ട് ജെയിംസ് എ സ്കോട്ട് പോലീസിനോട് ലാത്തി ചാർജിന് ഉത്തരവിട്ടു. ഏറ്റുമുട്ടലിൽ ലാലാ ലജ്പത് റായിക്ക് മാരകമായ പരിക്കേറ്റു.

അദ്ദേഹത്തിൻ്റെ മരണത്തെത്തുടർന്ന്, മൂന്ന് യുവ വിപ്ലവകാരികളായ സ്വാതന്ത്ര്യ സമര സേനാനികൾ — ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് – ജെയിംസ് സ്കോട്ടിനെ വധിക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ 1928 ഡിസംബറിൽ ജോൺ സോണ്ടേഴ്‌സ് എന്ന പോലീസ് ഓഫീസറെയാണ് ഇവർ കൊലപ്പെടുത്തിയത്. ബ്രിട്ടീഷുകാർക്ക് പിടികൊടുക്കാതെ ചന്ദ്രശേഖർ ആസാദിൻ്റെ സഹായത്തോടെ മൂവരും അവിടെ നിന്ന് നാടകീയമായി രക്ഷപ്പെട്ടു.

അസംബ്ലി ബോംബിംഗ് കേസ്

1928ൽ സർക്കാർ പബ്ലിക് സേഫ്റ്റി ബിൽ എന്ന പേരിൽ ഒരു നിയമഭേദഗതി നടപ്പിൽ വരുത്താൻ ശ്രമിച്ചു. പോലീസിന് സ്വതന്ത്ര അധികാരം നൽകുന്നതായിരുന്നു ഈ നിയമത്തിന്റെ കാതൽ. ഒന്നാം ലോക മഹായുദ്ധത്തിന്റെ ബാക്കിപത്രം എന്ന നിലയിലാണ് ഇത് അവതരിപ്പിക്കപ്പെട്ടത്. സ്വാതന്ത്ര്യസമരപ്രക്ഷോഭത്തെ അടിച്ചമർത്തുക എന്നതായിരുന്നു ഗൂഢലക്ഷ്യം. പക്ഷേ നിയമനിർമ്മാണ സഭയിൽ ഒരംഗത്തിന്റെ പിന്തുണക്കുറവു മൂലം പ്രമേയം വിജയിച്ചില്ല. എന്നിട്ടും പൊതുജനതാല്പര്യം സംരക്ഷിക്കാനെന്ന പേരിൽ നിയമം നടപ്പിലാക്കാൻ വൈസ്രോയി തീരുമാനിച്ചു. രോഷാകുലരായ ഭഗത് സിംഗും കൂട്ടരും ലെജിസ്ലേറ്റീവ് അസംബ്ലിയിൽ ബോംബെറിയാൻ തീരുമാനിച്ചു.

1929 ഏപ്രിൽ 8 – ന് ഭഗത് സിംഗും, ബി.കെ ദത്തും സഭയിൽ ബോംബെറിഞ്ഞു, അതിനുശേഷം ഇൻക്വിലാബ് സിന്ദാബാദ് (വിപ്ലവം നീണാൾ വാഴട്ടെ), സാമ്രാജ്യത്വം മൂർദ്ദാബാദ് എന്നീ മുദ്രാവാക്യങ്ങൾ ഉറക്കെ വിളിച്ചുകൊണ്ട് ബധിരർക്കു ചെവി തുറക്കാൻ ഒരു വൻ സ്ഫോടനം തന്നെ വേണമെന്ന് തുടങ്ങുന്ന ലഘുലേഖനം വിതരണം ചെയ്തു. അംഗങ്ങൾ ഇല്ലാത്ത സ്ഥലത്തേക്കാണ് അവർ ബോംബുകൾ എറിഞ്ഞത്, അതുകൊണ്ടു തന്നെ സ്ഫോടനത്തിൽ ആരും മരിക്കുകയോ പരിക്കേൽക്കുകയോ ഉണ്ടായില്ല. അവിടെ വച്ച് അവർ സ്വയം അറസ്റ്റ് വരിക്കുകയും ചെയ്തു.

സംഭവത്തിനുശേഷം ഇരുവരും രക്ഷപ്പെടാനായി ശ്രമിച്ചിരുന്നില്ല. പകരം അവിടത്തനെ അക്ഷോഭ്യരായി നിലകൊണ്ട് ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കുകയായിരുന്നു. പുകപടലങ്ങൾ അടങ്ങിയപ്പോൾ കോടതിയിൽ സന്നിഹിതനായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ സെർജന്റ് ടെറിക്കു മുമ്പാകെ ഇരുവരും കീഴടങ്ങി.

ജയിലിൽ കഴിയുമ്പോൾ, തടവുകാരോടുള്ള അനീതികൾക്കെതിരെ അദ്ദേഹം നിരാഹാര സമരം ആരംഭിച്ചു. ജയിലിൽ നടക്കുന്ന വിവേചനത്തിനെതിരേയും, കൂടുതൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കും, വായിക്കാൻ പുസ്തകങ്ങൾക്കും ഒക്കെ വേണ്ടിയായിരുന്നു ഈ സമരം. ഇതിനിടെ സത്യാഗ്രഹമനുഷ്ഠിച്ചിരുന്ന ജതീന്ദ്ര ദാസ് മരണമടഞ്ഞു.

ജതീന്ദ്രദാസിന്റെ മരണം വളരെയധികം ജനശ്രദ്ധ ക്ഷണിച്ചുവരുത്തി. സത്യാഗ്രഹികൾക്കു നേരെയുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനെതിരേ മോട്ടിലാൽ നെഹ്രു പാർലിമെന്റിൽ അടിയന്തര പ്രമേയം അവതരിപ്പിച്ചു. വിചാരണ വേഗത്തിലാക്കാൻ വൈസ്രോയി ഇർവിൻ പ്രഭു ഒരു പ്രത്യേക കോടതി സ്ഥാപിക്കുകയുണ്ടായി. സൗണ്ടേഴ്സിനെ വധിക്കാൻ ശ്രമിച്ചതിനും, രാജാവിനെതിരേ ഗൂഢാലോചന നടത്തിയെതിനെതിരേയുമായിരുന്നു ഭഗതിനും 27 പേർക്കെതിരേയുമായി കേസ്.

കുറ്റം ആരോപിച്ചിരുന്നു ആളുകളുടെ അസാന്നിദ്ധ്യത്തിലാണ് വിചാരണ നടന്നത്. 1930 മെയ് അ‍ഞ്ചു മുതൽ 1930 സെപ്തംബർ 10 വരെയാണ് വിചാരണ നടന്നത്. 1930 ഒക്ടോബർ 7 ന് പ്രത്യേക കോടതി സുഖ്ദേവ്, ഭഗത് സിംഗ്, രാജ് ഗുരു എന്നിവരെ തൂക്കിലേറ്റാൻ കോടതി വിധിച്ചു.

1931 മാർച്ച് 24 ന് വധശിക്ഷ നടപ്പാക്കാനായിരുന്നു കോടതി ഉത്തരവുണ്ടായിരുന്നത്. എന്നാൽ ഭഗത് സിംഗിനെപ്പോലും മുൻകൂറായി അറിയിക്കാതെ വധശിക്ഷ പതിനൊന്നു മണിക്കൂറോളം നേരത്തേയാക്കുകയായിരുന്നു. 1931 മാർച്ച് 23 വൈകീട്ട് 7:30 ന് ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ്, എന്നിവരെ തൂക്കിലേറ്റി. പുറത്തു കാത്തുനിന്ന ബന്ധുക്കളേയോ സുഹൃത്തുക്കളേയോ അറിയിക്കാതെ ജയിലിന്റെ പുറകുവശത്തെ മതിലു പൊളിച്ച് മൃതദേഹങ്ങൾ ലാഹോറിൽ നിന്നും അറുപതു കിലോമീറ്റർ അകലെയുള്ള ഗന്ധ സിംഗ് വാല ഗ്രാമത്തിൽ വെച്ച് അഗ്നിക്കിരയാക്കി. ചാരം, സത്ലജ് നദിയിലെറിഞ്ഞു. ഭഗത് സിംഗിനെയും സുഖ്‌ദേവിനെയും 23-ാം വയസ്സിൽ തൂക്കിലേറ്റിയപ്പോൾ രാജ്ഗുരുവിന് 22 വയസ്സേ ഉണ്ടായിരുന്നുള്ളൂ.