ഡല്‍ഹി മദ്യനയ അഴിമതി കേസിലെ മാപ്പുസാക്ഷി ബിജെപിയ്ക്ക് ഇലക്ടറല്‍ ബോണ്ട് വഴി നൽകിയത് കോടികൾ

0
98

ഡല്‍ഹി മദ്യനയ അഴിമതി കേസിൽ മുന്‍പ് പ്രതിയും പിന്നീട് മാപ്പുസാക്ഷിയുമായ ശരത് ചന്ദ്ര റെഡ്ഡി ബിജെപിയ്ക്ക് ഇലക്ടറല്‍ ബോണ്ട് വഴി 4.5 കോടി രൂപ നല്‍കിയയാളെന്ന് എഎപി. വിഷയത്തില്‍ ഇ ഡി ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്‌ക്കെതിരെ കേസെടുക്കണമെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി ആരോപിച്ചു. കേസിൽ ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് അരവിന്ദ് കെജ്രിവാളിനെ രണ്ട് ദിവസം മുമ്പ് അറസ്റ്റ് ചെയ്തത്.

മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായവരുട പക്കല്‍ നിന്നും പണം കണ്ടെത്തിയിട്ടില്ലെന്നും എഎപി ആരോപിച്ചു. ശരത് ചന്ദ്ര റെഡ്ഡി ഇലക്ടറല്‍ ബോണ്ടില്‍ പണം നല്‍കിയെന്ന ആരോപണത്തെ സാധൂകരിക്കുന്ന രേഖകള്‍ കൂടി പുറത്തുവിട്ടുകൊണ്ടാണ് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.

അരവിന്ദ് കെജ്രിവാളിനെ കണ്ടിട്ടേയില്ലെന്നായിരുന്നു 2022ല്‍ അദ്ദേഹം പറഞ്ഞിരുന്നത്. പിന്നീട് മാസങ്ങളോളം ജയിലില്‍ കിടന്ന ശേഷമാണ് അദ്ദേഹം മൊഴി മാറ്റിയത്. കെജ്രിവാളിന്റെ പേര് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. എന്നിരിക്കിലും പണം വന്നതെവിടെ നിന്നെന്ന് ഇ ഡി കണ്ടെത്തിയിട്ടേയില്ലെന്നും എഎപി നേതാക്കള്‍ ആരോപിച്ചു.

ഡല്‍ഹിയിലെ മദ്യ നയ അഴിമതിക്കേസില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കഴിഞ്ഞ രണ്ട് വര്‍ഷമായി അന്വേഷണം നടത്തിയിട്ടും പണം വന്ന വഴി കണ്ടെത്താനാകാത്തത് എന്തെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ചോദിക്കുന്നു. ആം ആദ്മി പാര്‍ട്ടിയുടെ ഒരു നേതാവില്‍ നിന്നോ പ്രവര്‍ത്തകനില്‍ നിന്നോ പണമോ തെളിവുകളോ കണ്ടെത്തിയിട്ടില്ല.

അരബിന്ദോ ഫാര്‍മ എന്ന കമ്പിനി ശരത് ചന്ദ്ര റെഡ്ഡിയുടേതാണെന്ന് എഎപി നേതാക്കള്‍ പറയുന്നു. ഈ സ്ഥാപനത്തിന്റെ പേരിലാണ് ഇലക്ടറല്‍ ബോണ്ടായി ബിജെപി തുക കൈപ്പറ്റിയതെന്നും അറസ്റ്റ് ചെയ്യേണ്ടത് ജെ പി നദ്ദയെയാണെന്നും എഎപി നേതാക്കള്‍ ആഞ്ഞടിച്ചു.