ഐപിൽ; ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ജയം

0
205

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി പഞ്ചാബ് കിങ്സിന് ജയം. 4 വിക്കറ്റിനാണ് പഞ്ചാബിന്റെ വിജയം. ഡൽഹി ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം 19.2 ഓവറിൽ പഞ്ചാബ് മറികടന്നു. ഐ.പി.എലിൽ ഈ സീസണിലെ ആദ്യ അർധ സെഞ്ചുറി നേടിയ സാം കറൻ (47 പന്തിൽ 63) ആണ് പഞ്ചാബിന് ജയമൊരുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത്. ഛണ്ഡീഗഡിലെ മുല്ലൻപൂരിലെ മഹാരാജാ യാദവിന്ദ്ര സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.

16 പന്തിൽ 22 റൺസെടുത്ത് ക്യാപ്റ്റൻ ശിഖർ ധവാൻ ആണ് പഞ്ചാബ് നിരയിൽ ആദ്യം പുറത്തായത്. ഇഷാന്ത് ശർമയ്ക്കാണ് വിക്കറ്റ്. പിന്നാലെ ജോണി ബെയർ സ്‌റ്റോ റണ്ണൗട്ടായി മടങ്ങി. ഇംപാക്ട് താരമായെത്തിയ പ്രഭ്‌സിമ്രാൻ സിങ് 17 പന്തിൽ 26 റൺസെടുത്ത് കുൽദീപ് യാദവിന്റെ പന്തിൽ വാർണർക്ക് ക്യാച്ച് നൽകി മടങ്ങി. ജിതേഷ് ശർമ (9), ശശാങ്ക് സിങ് (പൂജ്യം) എന്നിവരും പുറത്തായി.

ഐ.പി.എലിൽ ഈ സീസണിലെ ആദ്യ അർധ സെഞ്ചുറി നേടിയ സാം കറൻ (47 പന്തിൽ 63) ആണ് പഞ്ചാബിന് ജയമൊരുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചത്. ലാം ലിവിങ്സ്റ്റൺ (19 പന്തിൽ പുറത്താവാതെ 32) നേരിട്ട അവസാന പന്ത് സിക്‌സിനു പറത്തിയാണ് വിജയം സാധ്യമാക്കിയത്. ഡൽഹിക്കുവേണ്ടി ഖലീൽ അഹ്‌മദ്, കുൽദീപ് യാദവ് എന്നിവർ രണ്ടും ഇഷാന്ത് ശർമ ഒന്നും വിക്കറ്റുകൾ വീഴ്ത്തി.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റുചെയ്ത ഡൽഹി ക്യാപിറ്റൽസ് നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. അവസാന ഓവറുകളിൽ വെറും പത്ത് പന്തുകളിൽ 32 റൺസെടുത്ത അഭിഷേക് പൊരേലിന്റെ വെടിക്കെട്ടാണ് ഡൽഹി സ്‌കോർ ഉയർത്തിയത്. ഷായ് ഹോപ്പ് 33 റൺസെടുത്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് ഓപ്പണർമാരായ ഡേവിഡ് വാർണറും മിച്ചൽ മാർഷും വേഗമേറിയ തുടക്കമാണ് നൽകിയത്. നാലാം ഓവറിലെ രണ്ടാം പന്തിൽ മിച്ചൽ മാർഷാണ് ആദ്യം പുറത്തായത്. 12 പന്തുകൾ നേരിട്ട് 20 റൺസ് നേടിയ താരത്തെ, അർഷ്ദീപ് സിങ്ങിന്റെ പന്തിൽ കിടിലൻ ക്യാച്ചോടെ രാഹുൽ ചാഹറാണ് പുറത്താക്കിയത്. രണ്ടുവീതം ഫോറും സിക്‌സും അടങ്ങിയ ഇന്നിങ്‌സാണ് മാർഷിന്റേത്.

പിന്നാലെ ഡേവിഡ് വാർണറിനെ (21 പന്തിൽ 29 റൺസ്) ഹർഷൽ പട്ടേൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ കൈകളിലെത്തിച്ച് പറഞ്ഞയച്ചു. രണ്ട് സിക്‌സും മൂന്ന് ഫോറുമാണ് വാർണർ നേടിയത്. വൺ ഡൗണായി ഇറങ്ങിയ ഷായ് ഹോപ്പിനെ (25 പന്തിൽ 33) കഗിസോ റബാദയും മടക്കി. 14 മാസത്തെ ഇടവേള കഴിഞ്ഞ് ക്രീസിലെത്തിയ ഋഷഭ് പന്തിന് വേണ്ടത്ര വിധത്തിൽ ശോഭിക്കാനായില്ല. 13 പന്തിൽ 18 റൺസ് നേടി ഹർഷൽ പട്ടേലിന് വിക്കറ്റ് നൽകി മടങ്ങി. ബെയർസ്‌റ്റോയുടെ ക്യാച്ചിലാണ് പുറത്തായത്.

14-ാം ഓവറിൽ റിക്കി ഭുയിയെ ഹർപ്രീത് ബ്രാർ കീപ്പറുടെ കൈകളിലെത്തിച്ച് തിരിച്ചയച്ചു. തുടർന്ന് ട്രിസ്റ്റൻ സ്റ്റബ്‌സും (5) അക്‌സർ പട്ടേലും (21-റണ്ണൗട്ട്) സുമിത് കുമാറും (2) മടങ്ങി. പഞ്ചാബ് നിരയിൽ ഹർഷൽ പട്ടേലിനും അർഷ്ദീപ് സിങ്ങിനും രണ്ടുവീതം വിക്കറ്റുകൾ. റബാദ, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ എന്നിവർക്ക് ഓരോന്നുവീതം വിക്കറ്റുകൾ. ചണ്ഡിഗഢിലെ മഹാരാജ് യാദവീന്ദ്ര സിങ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.