അനു വധക്കേസിലെ പ്രതി മുജീബ് റഹ്‌മാൻ സ്ഥിരം കുറ്റവാളി; 20 വയസ്സിൽ മോഷണം തുടങ്ങി

0
202

പേരാമ്പ്ര അനു വധക്കേസിലെ പ്രതി മുജീബ് റഹ്‌മാൻ 29 വർഷമായി സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. അമ്പതിൽ പരം കേസുകളാണ് മുജീബിന്റെ പേരിലുള്ളത്. 20 വയസുള്ളപ്പോൾ മലപ്പുറം തിരൂരിലെ സ്വർണക്കടക്കാരനായ ഗണപതിയെ കൊലപ്പെടുത്തിയ കേസിൽ കൂട്ടു പ്രതിയാണിയാൾ. പരപ്പനങ്ങാടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതാണീ കേസ്. പിന്നീടിങ്ങോട്ട് മോഷണം നടത്തിയാണ് ജീവിതം. പണംതീർന്നാൽ മോഷണത്തിനായി ഇറങ്ങും. അനുവിന്റെ കൊലപാതകം നടന്ന സമയത്തും പണത്തിന് അത്യാവശ്യമുണ്ടായിരുന്നുവെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

പിടിച്ചുപറിയിൽ തുടങ്ങിയ മുജീബ് ഏറെ വൈകാതെ വാഹന മോഷണത്തിലേക്കും കടന്നു. കേരളത്തിൽ നിന്ന് കാറുകൾ മോഷ്ടിച്ച് തമിഴ്‌നാട്ടിലെത്തിച്ച് കുപ്രസിദ്ധ വാഹന മോഷ്ടാവ് വീരപ്പൻ റഹീമിന് കൈമാറും. 2001 മുതൽ 10 വർഷം ഇതായിരുന്നു പതിവ്. മോഷണം പിടിച്ചുപറി എന്നിവക്കൊപ്പം സ്ത്രീകളെ ആക്രമിച്ച് ബലാത്സംഗം ചെയ്യുകയും ആഭരണങ്ങൾ കവരുന്നതുമായിരുന്നു മുജീബിന്റെ രീതി.

തലശ്ശേരിയിൽ ഓട്ടോ കവർന്നതിലും കൊണ്ടോട്ടിയിൽ ഒരു വീടിന്റെ വാതിൽ കത്തിച്ച് കവർച്ചനടത്തിയ കേസിലും ഇയാൾ പ്രതിയാണ്. 2020 ജൂലായ് രണ്ടിന് മുക്കം മുത്തേരിയിൽ വയോധികയെ ഓട്ടോയിൽ കയറ്റി ആക്രമിച്ച് ബലാത്സംഗംചെയ്ത് കവർച്ചനടത്തിയ കേസിൽ ചോമ്പാലയിൽനിന്ന് മോഷ്ടിച്ച ഓട്ടോയാണ് ഉപയോഗിച്ചത്. വ്യാജനമ്പർപ്ലേറ്റും ഘടിപ്പിച്ചിരുന്നു. തൃശൂർ മുതൽ കാസർഗോഡ് വരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 56 കേസുകൾ മുജീബിനെതിരെ നിലവിലുണ്ട്. എന്നാൽ ശിക്ഷിക്കപ്പെട്ടത് ചുരുക്കം കേസുകളിൽ മാത്രമാണ്.

കവർച്ച ചെയ്യുന്ന സ്വർണം വിൽപ്പന നടത്താൻ മറ്റു ചിലരെ ഏൽപ്പിക്കുകയാണ് ഇയാൾ ചെയ്യാറുള്ളത്. മുക്കത്ത് കവർച്ച നടത്തിയപ്പോൾ വേങ്ങര സ്വദേശി ജമാലുദ്ദീനാണ് വിൽപ്പന നടത്താൻ സഹായിച്ചത്. അനുവിന്റെ സ്വർണം കൊണ്ടോട്ടി ചുണ്ടക്കാട് അബൂബക്കറാണ് വിൽപ്പന നടത്തിയത്. ഇയാൾ മുജീബ് റഹ്‌മാന്റെ ഇക്കാര്യത്തിലെ സ്ഥിരംസഹായിയാണ്.

മുജീബ് റഹ്‌മാന്റെ വീട്ടിലെത്തിയ പോലീസിന് കാണാൻകഴിഞ്ഞത് മോഷണത്തിനുപയോഗിക്കുന്ന വിവിധ ഉപകരണങ്ങളാണ്. മാലപൊട്ടിക്കാനുള്ളതടക്കം വിവിധതരം കത്തികളും ടോർച്ചുകളുമെല്ലാം പ്രത്യേകം സൂക്ഷിച്ചിരുന്നു. ഇത്തരത്തിൽ ബാഗിൽ എല്ലാ സംവിധാനവുമായാണ് മുജീബ് മോഷണത്തിനായി ഇറങ്ങുന്നത്. പോലീസ് പിടിയിലായാൽ കേസുകളെല്ലാം കൃത്യമായി കൈകാര്യംചെയ്യുന്നത് ഭാര്യയുടെ നേതൃത്വത്തിലാണ്. പോലീസ് വീട്ടിൽ അന്വേഷിച്ചുചെന്നദിവസം കൊലപാതകദിവസം മുജീബ് ധരിച്ച വസ്ത്രങ്ങളെല്ലാം കത്തിക്കാനുള്ള ശ്രമവും ഭാര്യ നടത്തിയിരുന്നു. പോലീസ് ഇത് വിഫലമാക്കുകയായിരുന്നു.