പുണെയിൽ യുവ റിയൽ എസ്റ്റേറ്റ് ഏജൻ്റിനെ തലയിൽ വെടിവച്ചതിന് ശേഷം വെട്ടിക്കൊലപ്പെടുത്തി

0
214

മഹാരാഷ്ട്രയിലെ പുണെയിൽ യുവ റിയൽ എസ്റ്റേറ്റ് ഏജൻ്റിനെ തലയിൽ വെടിവച്ചതിന് ശേഷം വെട്ടിക്കൊലപ്പെടുത്തി. അവിനാഷ് ബാലു (34) എന്ന യുവാവാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഹോട്ടലിൽ അതിക്രമിച്ച് കയറിയ സംഘം അവിനാഷിൻ്റെ തലയ്ക്ക് വെടിയുതിർത്തു. ഇതിന് ശേഷം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി. പൂനെയിലെ ജഗദംബ ഹോട്ടലിലാണ് ക്രൂരമായ കൊലപാതകം നടന്നത്.

മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു അവിനാഷ്. അതിനിടയിൽ ഒരു ഫോൺ കോൾ വന്നു. കോൾ അറ്റൻഡ് ചെയ്യുന്നതിനിടെ രണ്ട് പേർ ഹോട്ടലിലെത്തി കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക് ബാഗിൽ നിന്ന് തോക്ക് എടുത്ത് വെടിയുതിർക്കുകയായിരുന്നു. അവിനാഷിന് വെടിയേറ്റതിന് പിന്നാലെ മാരകായുധങ്ങളുമായി ഹോട്ടലിനുള്ളിലേക്ക് ഇരച്ചുകയറിയ ആറംഗ സംഘം ഇയാളെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. എന്നാൽ, അവിനാശിനൊപ്പമുണ്ടായിരുന്ന ആരെയും അക്രമികൾ ഉപദ്രവിച്ചില്ല. അവിനാശിനെ മാത്രം ലക്ഷ്യമിട്ടാണ് സംഘം എത്തിയതെന്ന് ഇതോടെ വ്യക്തമായി. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

രണ്ട് കുട്ടികളടങ്ങുന്ന നാലം​ഗ കുടുംബം തൊട്ടടുത്തുള്ള മേശയിൽ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു സംഭവം. വെടിയുതിർത്തതോടെ കുട്ടികളെയെടുത്ത് മാതാപിതാക്കൾ പുറത്തേക്കോടി.

അവിനാഷിനെ പലതവണ വെട്ടിക്കൊല്ലുകയും മരണം ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് സംഘം ഹോട്ടലിൽ നിന്ന് പോയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് അന്വേഷണ സംഘം. രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.