ജപ്പാനിൽ അപകടകാരിയുമായ ബാക്ടീരിയൽ അണുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്

0
175

ജപ്പാനിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം അപകടകാരിയുമായ ബാക്ടീരിയൽ അണുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്നാണു ഇത് അറിയപ്പെടുന്നത്. കേസുകൾ കഴിഞ്ഞ വർഷത്തേക്കാൾ വളരെ വേഗത്തിലാണ് വ്യാപിക്കുന്നത്. കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി. സ്ട്രെപ്റ്റോകോക്കസ് പ്യോജീൻസ് എന്ന ബാക്ടീരിയം ആണ് സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമിനു കാരണമാകുന്നത്.

കഴിഞ്ഞവർഷം മാത്രം 941 സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം രോ​ഗികളെയാണ് സ്ഥിരീകരിച്ചതെങ്കിൽ ഈ വർഷം ആദ്യ രണ്ടുമാസത്തിനുള്ളിൽ തന്നെ അത് 378 കേസുകളായി ഉയർന്നിട്ടുണ്ട്. പ്രായം കൂടിയവർ അപകടസാധ്യതാ വിഭാ​ഗത്തിൽ പെടുന്നവരാണെങ്കിലും സ്ട്രെപ്റ്റോകോക്കസ് ​ഗ്രൂപ്പ് എ വിഭാ​ഗം അമ്പതുവയസ്സിന് താഴെയുള്ളവരിലും മരണസാധ്യത വർധിപ്പിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെ രോ​ഗം സ്ഥിരീകരിച്ച അമ്പതുവയസ്സിന് താഴെയുള്ള അറുപത്തിയഞ്ചുപേരിൽ ഇരുപത്തിയൊന്നു പേരും മരണപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലരിലും ലക്ഷണങ്ങളില്ലാതെ തന്നെ രോ​ഗം വന്നുപോകുമെങ്കിലും ഉയർന്ന വ്യാപനത്തിനു കാരണമാകുന്ന ബാക്ടീരിയ ചിലഘട്ടങ്ങളിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുകയും മരണസംഖ്യ വർധിപ്പിക്കുകയും ചെയ്യാം. പ്രത്യേകിച്ച് മുപ്പതു വയസ്സിനു മുകളിലുള്ളവരിൽ സ്ഥിതി കൂടുതൽ വഷളായേക്കാം.

പ്രായമായവരിൽ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് പ്രകടമാവുകയെങ്കിലും ചിലപ്പോൾ ടോൺസിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകും. പല കേസുകളിലും അവയവങ്ങൾ തകരാറിലാകുന്ന അവസ്ഥയിലേക്കുമെത്തിച്ചേരാം. കോവിഡിനുസമാനമായി സ്രവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയുമൊക്കെയാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധകളും പകരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം.

ആന്റിബയോട്ടിക് ചികിത്സയിലൂടെയാണ് സ്ട്രെപ് എ അണുബാധയെ ചികിത്സിക്കുന്നത്. പക്ഷേ കൂടുതൽ ​ഗുരുതരമായ ​ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസുകൾക്ക് ആന്റിബയോട്ടിക്കിനൊപ്പം മറ്റുമരുന്നുകളും വേണ്ടിവരും. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന മുൻകരുതലുകൾ സ്ട്രെപ് എ വിഭാ​ഗത്തിനെതിരെയും തുടരണമെന്ന് ജപ്പാനിലെ ആരോ​ഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.