പേരാമ്പ്രയിലെ യുവതിയുടെ ദുരൂഹ മരണം കൊലപാതകമെന്ന് പൊലീസ്

0
228

കോഴിക്കോട് പേരാമ്പ്രയിലെ യുവതിയുടെ ദുരൂഹ മരണം കൊലപാതകമെന്ന് പൊലീസ്. കേസില്‍ മലപ്പുറം സ്വദേശി കസ്റ്റഡിയിൽ. പ്രതി ആഭരണങ്ങൾ മോഷ്ടിക്കുന്നതിനിടയിലാണ് അനുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കസ്റ്റഡിയിലെടുക്കുന്നതിനിടെ പ്രതിയുടെ ആക്രമണത്തില്‍ പൊലീസുകാരന് പരുക്കേറ്റു.

ചൊവ്വാഴ്ചയാണ് പേരാമ്പ്ര വാളൂര്‍ കുറുങ്കുടിമീത്തല്‍ അനു( 29)വിനെ മരിച്ച നിലയിൽ തോട്ടിൽ കണ്ടെത്തിയത്. അനു ധരിച്ച സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതും മുട്ടിന് താഴെ വരെ മാത്രം വെള്ളമുള്ള തോട്ടിൽ മുങ്ങിമരിച്ചതും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിലെ മുറിവേറ്റ പാടുകളുമാണ് മരണം കൊലപാതകമെന്ന സംശയത്തിലേക്ക് പൊലീസിനെ നയിച്ചത്.

യുവതിയെ കാണാനില്ലെന്ന് പെരാമ്പ്ര പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. അതിനിടയിലായിരുന്നു തോട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പേരാമ്പ്ര പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.