പുതിയ ജിഡിപി കണക്കുകൾ ‘തികച്ചും ദുരൂഹവും’ മനസ്സിലാക്കാൻ പ്രയാസവുമാണെന്ന് മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

0
151

ഇന്ത്യയുടെ ഏറ്റവും പുതിയ ജിഡിപി കണക്കുകൾ ‘തികച്ചും ദുരൂഹവും’ മനസ്സിലാക്കാൻ പ്രയാസവുമാണെന്ന് മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ വെള്ളിയാഴ്ച പറഞ്ഞു. 2023-ൻ്റെ അവസാന പാദത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട 8.4 ശതമാനം വികസിച്ചു – ഒന്നര വർഷത്തിനിടയിലെ ഏറ്റവും വേഗത്തിലുള്ള വളർച്ചയാണിത്.

താൻ സത്യസന്ധമായി പറയുകയാണെന്നും ഈ കണക്ക് തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. പരസ്പര ബന്ധമില്ലാത്ത കണക്കുകളാണ് ഇവ. തീർത്തും നിഗൂഢം എന്ന് തന്നെ പറയണമെന്നും താൻ എല്ലാ ബഹുമാനത്തോടെയും ആണ് ഇത് പറയുന്നതൊന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കവെയാണ് അരവിന്ദ് സുബ്രഹ്മണ്യൻ ഇത് സൂചിപ്പിച്ചത്.

നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസാണ് ജിഡിപി സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ടു പാദങ്ങളിൽ നേരത്തെ രേഖപ്പെടുത്തിയിരുന്ന സാമ്പത്തിക വളർച്ച നിരക്ക്, ഏറ്റവും ഒടുവിൽ പുറത്തുവിട്ട റിപ്പോർട്ടിൽ പരിഷ്കരിച്ചിരുന്നു. ആദ്യ മൂന്നു മാസങ്ങളിൽ ( ഏപ്രിൽ, മെയ്, ജൂൺ) 7.8% ൽ നിന്ന് 8.2% ആയും, പിന്നീടുള്ള മൂന്നു മാസങ്ങളിലെ സാമ്പത്തിക വളർച്ച നിരക്ക് 7.6% ൽ നിന്ന് 8.1 % ത്തിലേക്കുമാണ് വർദ്ധിപ്പിച്ചത്.

ജിഡിപി സംബന്ധിച്ച് പുറത്തുവന്ന റിപ്പോർട്ടിൽ അരവിന്ദ് സുബ്രഹ്മണ്യൻ ചൂണ്ടിക്കാട്ടുന്ന അപാകതകൾ പലതാണ്. സർക്കാർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം വിലക്കയറ്റം 1 മുതൽ 1.5 % വരെ ആണെന്നും എന്നാൽ യഥാർത്ഥത്തിൽ വിപണിയിലെ വിലക്കയറ്റ തോത് 3% മുതൽ 5% വരെ ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ഉപഭോഗം 3% ത്തിൽ നിൽക്കെ സമ്പത്ത് വ്യവസ്ഥ 7.5% വളർച്ച നേടി എന്നു റിപ്പോർട്ടിൽ പറയുന്നതിൽ സംശയം ഉന്നയിച്ച അദ്ദേഹം, 7.6% വളർച്ച നിരക്ക് പ്രതിപാദിക്കുന്ന റിപ്പോർട്ടിൽ 4.3% വരെ എറേഴ്‌സ് ആൻഡ് ഒമ്മീഷൻ സാധ്യതയായി സൂചിപ്പിക്കുന്നതും ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ പറയുന്നത് പോലെ ആഗോള കമ്പനികൾക്ക് ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ മേഖലയായി ഇന്ത്യ മാറിയിട്ടുണ്ടെങ്കിൽ, എന്തുകൊണ്ടാണ് നേരിട്ടുള്ള വിദേശനിക്ഷേപം 2016 ൽ ഉണ്ടായതിനേക്കാൾ താഴെ പോയതെന്നും അദ്ദേഹം ചോദിച്ചു.