മരിച്ചയാളുടെ ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ മൃതദേഹവുമായി ബാങ്കിലെത്തി യുവതികൾ

0
350

യുഎസിലെ ഒഹിയോയിൽ ബാങ്ക് അക്കൗണ്ടിലുള്ള തുക പിൻവലിക്കാൻ അക്കൗണ്ട് ഉടമയായ ആളുടെ മൃതദേഹവുമായി രണ്ട് യുവതികൾ ബാങ്കിലെത്തി. കാരെൻ കാസ്‌ബോം (63), ലോറീൻ ബീ ഫെറലോ (55) എന്നിവരാണ് മൃതദേഹവുമായി ബാങ്കിലെത്തിയത്. ഇവർക്കെതിരെ പൊലീസ് കേസെടുത്തു.

രണ്ട് സ്ത്രീകൾ തങ്ങളെ വിളിച്ച് അജ്ഞാതനായ ഒരാളുടെ മൃതദേഹം അഷ്ടബുല കൗണ്ടി മെഡിക്കൽ സെന്റർ എമർജൻസി റൂമിൽ ഉപേക്ഷിച്ചതായി പൊലീസ് പറഞ്ഞു. ഏറെ സമയത്തിന് ശേഷം മരിച്ചയാളുടെ വിവരങ്ങളുമായി അവരിൽ ഒരാൾ ആശുപത്രിയുമായി ബന്ധപ്പെട്ടു. 80 കാരനായ ഡഗ്ലസ് ലേമാൻ എന്നയാളാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ;
ലോറീനും കാസ്‌ബോമും താമസിച്ചിരുന്ന വീട്ടിലാണ് ലേമെനും താമസിച്ചിരുന്നത്. യുവതികളിലൊരാളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. ഇയാൾ മരിച്ചതോടെ യുവതികൾ മറ്റൊരാളുടെ സഹായത്തോടെ മൃതദേഹം കാറിൽ കയറ്റി ബാങ്കിലേക്ക് കൊണ്ടുപോയി മരിച്ചയാളുടെ പേരിലുള്ള തുക പിൻവലിച്ചു. പണം പിൻവലിക്കുന്നതിനായി ബാങ്ക് ജീവനക്കാർക്ക് കാണത്തക്ക വിധത്തിലാണ് ലേമാന്റെ മൃതദേഹം വാഹനത്തിൽ വച്ചിരുന്നത്. ഇടയ്ക്കിടെ പണം പിൻവലിക്കാൻ എത്താറുള്ളത് കൊണ്ടുതന്നെ ബാങ്ക് ജീവനക്കാർക്കും സംശയം തോന്നിയിരുന്നില്ല.