‘വിവാഹതലേന്ന് മകനെ കൊലപ്പെടുത്തിയത് പിരിഞ്ഞുപോയ ഭാര്യയെ പാഠം പഠിപ്പിക്കാനെന്ന് പിതാവ്’

0
138

ദല്‍ഹിയില്‍ വിവാഹതലേന്ന് മകനെ കൊലപ്പെടുത്തിയത് പിരിഞ്ഞുപോയ ഭാര്യയെ ഒരു പാഠം പഠിപ്പിക്കാനെന്ന് പിതാവ്. മാസങ്ങളായി ഇയാൾ കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. ഫെബ്രുവരി 6ന് രാത്രിയിലാണ് ജിം ട്രെയിനറായ ഗൗരവ് സിംഗാളിനെ പിതാവ് ദക്ഷിണ ഡല്‍ഹിയിലെ വീട്ടില്‍ വച്ച് മുഖത്തും നെഞ്ചിലും 15 തവണ കുത്തി കൊലപ്പെടുത്തിയത്. രക്തത്തില്‍ കുളിച്ച് കിടന്ന ഇയാളെ പോലീസാണ് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്

ചോദ്യം ചെയ്യലില്‍, ഭാര്യയും മകനുമായുള്ള തന്റെ ബന്ധം നല്ലതല്ലായിരുന്നുവെന്നും ഭാര്യയെ ഒരു പാഠം പഠിപ്പിക്കാനാണ് താൻ ഈ കൊലപാതകം നടത്തിയതെന്നും പ്രതി മൊഴി നല്‍കി. ആരുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ പ്രതി കൃത്യമായി കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. 75,000 രൂപ നല്‍കി മൂന്ന് കൂട്ടാളികളെ നിയമിക്കുകയും ചെയ്തു. പിടിയിലാകുമ്പോള്‍ പ്രതിയുടെ പക്കല്‍ 50 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും 15 ലക്ഷം രൂപയും ഉണ്ടായിരുന്നു.

ബുധനാഴ്ച രാത്രി മകനും പിതാവും തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കമുണ്ടായി. ഇതിനിടെ ഗൗരവ് പിതാവിനെ തല്ലി. ഇത് പ്രതിയെ പ്രകോപിതനാക്കിയെന്ന് പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍, സിംഗാള്‍ ഈ പ്രവൃത്തിയില്‍ പശ്ചാത്താപം കാണിച്ചില്ലെന്നും ‘അയാള്‍ ചെയ്തത് ശരിയായ കാര്യമാണ്’ എന്ന് പറഞ്ഞതായും പോലീസ് പറഞ്ഞു. തന്റെ മകന്റെ അതിരുകടന്ന ജീവിതരീതിയിലും അനുസരണക്കേടിലും താന്‍ അസന്തുഷ്ടനായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തി. മരിച്ചയാളുടെ അമ്മ എപ്പോഴും തന്റെ മകനെ പിന്തുണച്ചിരുന്നു. ഇത് തന്റെ നിരാശയ്ക്ക് കാരണമായെന്ന് പ്രതി പറഞ്ഞതായും ഡിസിപി ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തിന് പിന്നാലെ ഗൗരവ് സിംഗാളിന്റെ ഇളയ സഹോദരനെയും ബന്ധുവിനെയും ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തില്‍ എല്ലാ കോണുകളും പരിശോധിച്ചുവരികയാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ദക്ഷിണ ഡല്‍ഹിയിലെ ദേവ്‌ലി എക്സ്റ്റന്‍ഷന്‍ ഏരിയയിലാണ് സംഭവം നടന്നത്. അതേസമയം കുടുംബത്തില്‍പ്പെട്ട ആരെയും തങ്ങള്‍ സംശയിക്കുന്നില്ലെന്ന് സിംഗാളിന്റെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചിരുന്നു.