രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതിയുടെ വസ്ത്രത്തിൽ നിന്ന് കുട്ടിയുടെ മുടി ലഭിച്ചു

0
156

പേട്ടയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ ആലുവയിൽ കൊണ്ടുപോയി തെളിവെടുത്തു. ഇയാൾ കൃത്യം നടത്തിയ സമയത്ത് ഉപയോഗിച്ചിരുന്ന വസ്ത്രത്തിൽ നിന്ന് കുട്ടിയുടെ മുടി ഉൾപ്പെടെയുള്ള കാര്യങ്ങൾ ലഭിച്ചു. ഇത് ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു.

കഴിഞ്ഞ മാസം 19ന് പുലർച്ചെയാണ് സഹോദരങ്ങൾക്കൊപ്പം ഉറങ്ങുകയായിരുന്ന ബിഹാർ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടുപോയത്. 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ സംഭവസ്ഥലത്തുനിന്ന് 450 മീറ്റർ മാറി റെയിൽവേ ട്രാക്കിനു സമീപമുള്ള പൊന്തക്കാട്ടിലെ ഓടയിൽനിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.

തട്ടിക്കൊണ്ടുപോകുന്നതിനിടെ കുട്ടി കരഞ്ഞതോടെ പ്രതി വായ പൊത്തിപ്പിടിച്ചുവെന്നും കുഞ്ഞിൻ്റെ ബോധം മറഞ്ഞതോടെ ഓടയിൽ ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് പുറത്തുവരുന്ന വിവരം. നേരത്തെ, കുട്ടിയുടെ കുടുംബത്തിലേക്കും അന്വേഷണം നീണ്ടിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ പിടികൂടിയതെന്നാണ് വിവരം.