‘പതിവായി അസഭ്യം പറഞ്ഞിരുന്നു’; ദേഷ്യത്തിൽ അച്ഛൻ മകനെ വിവാഹത്തലേന്ന് കുത്തിക്കൊന്നു

0
91

സൗത്ത് ഡൽഹിയിൽ വിവാഹത്തലേന്ന് ജിം ഉടമയായ വരനെ പിതാവ് കുത്തിക്കൊന്നു. ഗൗരവ് സിംഗാൾ(29) നെയാണ് പിതാവായ രംഗലാൽ കൊലപ്പെടുത്തിയത്. ഗൗരവ് പിതാവിനെ പതിവായി അസഭ്യം പറഞ്ഞിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് രംഗലാൽ കൊലപാതകം നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഗൗരവിന്റെ മുഖത്തും നെഞ്ചിലുമായി 15ഓളം തവണയാണ് കുത്തേറ്റത്. ഫിറ്റ് ബോക്സ് എന്ന പേരിൽ ജിം നടത്തി വരികയായിരുന്നു ഗൗരവ്.

വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് യുവാവിന്റെ കൊലപാതകം. ഗൗരവിന്റേത് വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു. വിവാഹ ഘോഷയാത്രക്കായി ഉച്ചത്തിൽ പാട്ടുകൾ വെച്ച് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി അതിഥികൾ ഗൗരവിനായി കാത്തിരിക്കുകയായിരുന്നു.

ഏറെനേരം കാത്തിരുന്നിട്ടും വരനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ വീടിന് സമീപത്തെ പാർക്കിൽ ഗൗരവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.