കുടുംബശ്രീ ജീവനക്കാർക്ക് ആർത്തവവേളയിൽ വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്

0
128

കുടുംബശ്രീ ജീവനക്കാർക്ക് ആർത്തവവേളയിൽ ഒരു ദിവസം വർക്ക് ഫ്രം ഹോം അനുവദിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ആർത്തവകാലത്ത് സ്ത്രീകൾ നേരിടുന്ന ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്തുകൊണ്ടാണ് കുടുംബശ്രീ ഗവേണിംഗ്‌ബോഡി ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മന്ത്രി അറിയിച്ചു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നഗരമേഖലയിൽ വിവിധ സേവനങ്ങൾക്കായി കുടുംബശ്രീയുടെ പ്രൊഫഷണൽ ടീം ‘ക്വിക് സർവ്’ പദ്ധതിയുടെ ഉദ്ഘാടനവും ‘രചന’ സമാപനം, അയൽക്കൂട്ട, എ.ഡി.എസ്,സി.ഡി.എസ് തലങ്ങളിൽ പ്രവർത്തനം തുടങ്ങുന്ന ജെൻഡർ പോയിൻറ് പേഴ്‌സൺ പ്രഖ്യാപനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.

തദ്ദേശസ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ ‘ക്വിക്ക് സെർവ്’ ടീമിനുള്ള തിരിച്ചറിയൽ കാർഡ് വിതരണവും ലോഗോ പ്രകാശനവും അവർ നിർവഹിച്ചു.

‘വനിതകളിൽ നിക്ഷേപിക്കുക, പുരോഗതിയെ ത്വരിതപ്പെടുത്തുക’ എന്ന ഈ വർഷത്തെ അന്താരാഷ്ട്ര വനിതാദിന സന്ദേശം ഇരുപത്തിയഞ്ച് വർഷം മുമ്പേ നടപ്പാക്കിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും അതിഗംഭീരമായ ഒരു യാത്രയാണ് കുടുംബശ്രീ പിന്നിട്ടതെന്നും വിശിഷ്ടാതിഥിയായ ചലച്ചിത്ര സംവിധായികയും മാധ്യമ പ്രവർത്തകയുമായ വിധു വിൻസെൻറ് പറഞ്ഞു.