വീട്ടില്‍ നിന്ന് വിളിച്ചിറക്കി സുഹൃത്ത് പെട്രോളൊഴിച്ചു തീ കൊളുത്തി; ചികിത്സയിലിരിക്കെ സ്ത്രീ മരിച്ചു, മൊഴിയെടുക്കാനാവാതെ പൊലീസ്

തീ കത്തിച്ചപ്പോൾ ഇയാളുടെ ദേഹത്തും തീ പടർന്നിരുന്നു. തുടർന്ന് ബിനു വീട്ടിനു പിന്നിലെ കിണറ്റിലേക്ക് എടുത്തു ചാടുകയും ചെയ്തിരുന്നു.

0
183

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ മരിച്ചു. പൗഡിക്കോണം ചെല്ലമംഗലം സ്വദേശിയായ ബിനുവാണ് ചേങ്കോട്ടുകോണം സ്വദേശിനി ജി സരിതയെ (46) പെട്രോള്‍ ഒഴിച്ച് തീവച്ച് കൊലപ്പെടുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ സരിത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. ആക്രമണത്തില്‍ ബിനുവിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. വീട്ടിൽ നിന്ന് വിളിച്ചിറക്കിയ സരിതയുടെ ശരീരത്തിലേക്ക് ബിനു പെട്രോളൊഴിക്കുകയായിരുന്നു.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. രാത്രി മേലെ കുണ്ടയത്തുള്ള വീട്ടിലെത്തി സരിതയെ ബിനു വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.ശേഷം ഇരുവരും തമ്മില്‍ സംസാരവും വാക്കേറ്റവും ആയി. ഇതിനൊടുവില്‍ കയ്യില്‍ കരുതിയിരുന്ന പെട്രോളെടുത്ത് സരിതയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തി.

ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കന്നാസിൽ 5 ലിറ്റർ പെട്രോളുമായിട്ടാണ് ഇയാൾ എത്തിയത്. തീ കത്തിച്ചപ്പോൾ ഇയാളുടെ ദേഹത്തും തീ പടർന്നിരുന്നു. തുടർന്ന് ബിനു വീട്ടിനു പിന്നിലെ കിണറ്റിലേക്ക് എടുത്തു ചാടുകയും ചെയ്തിരുന്നു.

യുവതിയുടെ മകളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ യുവതിയെ മെഡിക്കല്‍ കോളേജിലെത്തിച്ചു. ഫയര്‍ഫോഴ്സ് എത്തിയാണ് കിണറ്റില്‍ നിന്നും രക്ഷപ്പെടുത്തിയ ബിനുവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. 80 ശതമാനം പൊള്ളലേറ്റ സരിത മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

എന്നാൽ സംഭവത്തിൽ പൊള്ളലേറ്റ ബിനുവിന്റെ മൊഴിയെടുക്കാൻ പൊലീസിന് ഇതുവരേയും കഴിഞ്ഞിട്ടില്ല. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ബിനുവിന്റെ ആരോ​ഗ്യനില സംബന്ധിച്ച് പൊലീസ് അന്വേഷിക്കുകയാണ്. മൊഴിയെടുക്കാനുള്ള സാഹചര്യം പൊലീസ് ഡോക്ടറോട് സംസാരിക്കുന്നുണ്ട്. മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലായിരിക്കും മൊഴിയെടുക്കുക.