കോഴിക്കോട് കാട്ടുപോത്ത് ആക്രമണം; ഗുരുതരമായി പരിക്കേറ്റ കര്‍ഷകന് ദാരുണാന്ത്യം

കക്കയം ഡാം സൈറ്റിന് സമീപത്തെ കൃഷിയിടത്തില്‍ കൊക്കൊ പറിച്ചുകൊണ്ടിരിക്കെയാണ് എബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചത്.

0
158

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കാട്ടുപോത്ത് ആക്രമണം. കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കര്‍ഷകൻ മരിച്ചു. കക്കയം സ്വദേശിയും കര്‍ഷകനുമായ പാലാട്ടിൽ എബ്രഹാം എന്ന അവറാച്ചൻ ആണ് മരിച്ചത്. 62 വയസായിരുന്നു. എബ്രഹാമിന്റെ നെഞ്ചിലാണ് കുത്തേറ്റത്. സ്വന്തം കൃഷിയിടത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അബ്രഹാമിന്റെ ശരീരം കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു.

കക്കയം ഡാം സൈറ്റിന് സമീപത്തെ കൃഷിയിടത്തില്‍ കൊക്കൊ പറിച്ചുകൊണ്ടിരിക്കെയാണ് എബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

കാട്ടുപോത്തിനെ വെടിവച്ചുകൊല്ലാൻ കളക്ടർ ഉത്തരവിടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സ്ഥലത്ത് കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണ്. അവയെ വെടിവച്ചുകൊള്ളാനുള്ള ഉത്തരവ് ഉടൻ വേണമെന്നും നാട്ടുകാർ ആവശ്യപെടുന്നു. ഇന്നലെയും കക്കയത്തിന് സമീപമുള്ള കൂരാച്ചുണ്ട് കല്ലാനോട് ഭാഗത്തെ ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയിരുന്നു. അതിനെ തുരത്താൻ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നും നാട്ടുകാർ പറഞ്ഞു.