പാർട്ടികൾക്ക് നൽകിയ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ കൈമാറാൻ സാവകാശം തേടി SBI

0
212

പാർട്ടികൾക്ക് നൽകിയ ഇലക്ടറൽ ബോണ്ട് വിവരങ്ങൾ കൈമാറാൻ 2024 ജൂൺ 30 വരെ സാവകാശം തേടി എസ്ബിഐ. തിരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങൾ കൈമാറണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. നിലവിൽ മാർച്ച് 6 ആണ് സമയപരിധി.

തിരഞ്ഞെടുപ്പ് കമ്മീഷനുമായി രാഷ്ട്രീയ പാർട്ടികൾ നടത്തിയ ഓരോ ഇലക്ട്രൽ ബോണ്ട് ഇടപാടും സംബന്ധിച്ച വിശദാംശങ്ങൾ മാർച്ച് ആറിന് മുമ്പ് സമർപ്പിക്കാനാണ് എസ്ബിഐയ്ക്ക് സുപ്രീംകോടതി നിർദേശം നൽകിയിരുന്നത്.

ഇടക്കാല ഉത്തരവിൻ്റെ തീയതിയായ 2019 ഏപ്രിൽ 12 മുതൽ വിധി പ്രസ്താവിക്കുന്ന തീയതി 15.02.2024 വരെ ദാതാക്കളുടെ വിവരങ്ങൾ പരസ്യമാക്കാൻ ഈ കോടതി നിർദ്ദേശിച്ചിട്ടുണ്ടെന്ന് എസ്ബിഐ ഹരജിയിൽ പറഞ്ഞു. അക്കാലത്ത്, ഇരുപത്തിരണ്ടായിരത്തി ഇരുന്നൂറ്റി പതിനേഴു (22,217) ഇലക്ടറൽ ബോണ്ടുകൾ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന ചെയ്യാൻ ഉപയോഗിച്ചു.

ദാതാക്കളുടെ പേരുകൾ അജ്ഞാതമായി സൂക്ഷിക്കാൻ അവർ സ്വീകരിച്ച കർശന നടപടികൾ കാരണം, ഇലക്ടറൽ ബോണ്ടുകൾ “ഡീകോഡ്” ചെയ്യുന്നതും സംഭാവനയുമായി ദാതാവിനെ പൊരുത്തപ്പെടുത്തുന്നതും ഒരു ‘സങ്കീർണ്ണമായ പ്രക്രിയ’ ആയിരിക്കുമെന്നും ഹർജിയിൽ പറയുന്നു.

മൊത്തം 44,434 വിവര സെറ്റുകൾ ഡീകോഡ് ചെയ്യുകയും സമാഹരിക്കുകയും താരതമ്യം ചെയ്യുകയും വേണം. കോടതി നിശ്ചയിച്ചിട്ടുള്ള മൂന്നാഴ്ചത്തെ സമയപരിധി മുഴുവൻ പ്രക്രിയയും പൂർത്തിയാക്കാൻ പര്യാപ്തമല്ലെന്നും ഈ വിധി പാലിക്കാൻ എസ്ബിഐയെ പ്രാപ്തമാക്കുന്നതിന് കാലാവധി നീട്ടി നൽകണമെന്നും എസ്ബിഐ കോടതിയിൽ ആവശ്യപ്പെട്ടു.