ദേശീയ ഹൗസ് പാർക്ക്; കൺസ്ട്രക്ഷൻ ടെക്നോളജി ഹബ്ബായി മാറാനൊരുങ്ങി തിരുവനന്തപുരം

0
132

സമഗ്രമായ ഭവന നയം രൂപീകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡും ഭവന നിർമ്മാണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ശില്പശാല ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂപ്രകൃതിയുടെ വൈവിധ്യവും സവിശേഷതയും അറിഞ്ഞു സുസ്ഥിരമായ ഭവന നിർമ്മാണങ്ങൾ പരീക്ഷിക്കണം. കാലത്തിന് അനുയോജ്യമായ നിർമ്മിതികളാണ് നാടിന് വേണ്ടത്.

ഭവന നിർമ്മാണ മേഖലയിലെ സാമഗ്രികളും സൗകര്യങ്ങളും പരിചയപ്പെടുത്തുന്ന ദേശീയ ഹൗസ് പാർക്ക് തിരുവനന്തപുരത്ത് ഉടൻ യാഥാർത്ഥ്യമാകും. കേന്ദ്ര ഗവൺമെന്റിന്റെ സഹായത്തോടെ തിരുവനന്തപുരം വാഴമുട്ടത്ത് ആറര ഏക്കർ ഭൂമിയിൽ പാർക്ക് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

കാലാവസ്ഥയ്ക്ക് അനുയോജ്യമായി ചെലവ് കുറഞ്ഞ രീതിയിൽ നിർമ്മിക്കാവുന്ന നാല്പതോളം നിർമ്മിതികളാണ് നാഷണൽ ഹൗസ് പാർക്കിൽ പ്രദർശനത്തിനായി ഒരുക്കുന്നത്. 20 കോടി രൂപയിൽ ഒരുങ്ങുന്ന പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ തലസ്ഥാനം രാജ്യത്തിന് തന്നെ മാതൃകയാകുന്ന കൺസ്ട്രക്ഷൻ ടെക്നോളജി ഹബ്ബായി മാറും.