ബംഗളൂരു സ്ഫോടന കേസിൽ 4 പേർ അറസ്റ്റിൽ

0
159

ബംഗളൂരു രാമേശ്വരം കഫെ സ്ഫോടനം കേസിൽ 4 പേർ കസ്റ്റഡിയിലെന്ന് സൂചന. സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചതിനു പിന്നാലെയാണ് നാലുപേരെ കസ്റ്റഡിയിലെടുത്തത്. ഇത് ഉപയോഗിച്ച് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കാനുള്ള ശ്രമത്തിലാണ് പൊലിസ്. പ്രതിയ്ക്കെതിരെ യുഎപിഎ ഉൾപ്പെടെ ഏഴ് വകുപ്പുകൾ ചുമത്തി.

ഐഇഡി സ്ഫോടനം നടത്തിയത് ടൈമർ ഉപയോഗിച്ചാണെന്ന് പൊലിസ് കണ്ടെത്തി. കഫെയ്ക്ക് സമീപത്തെ സിസിടിവിയിൽ നിന്നാണ് യുവാവിൻ്റെ cctv ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്. ബംഗളൂരു, ഹുബ്ബള്ളി, ദർവാഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് നിലവിൽ അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. എന്നാൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ബംഗളൂരു സിറ്റി പൊലിസ് കമ്മിഷണർ ബി. ദയാനന്ദ വ്യക്തമാക്കി.

പ്രതി കഫെയിലേയ്ക്ക് വന്നതും പോയതും ബിഎംടിസി ബസിലായതിനാൽ ബസുകൾ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. തൊപ്പിയും മാസ്കും ധരിച്ചെത്തിയ പ്രതി പത്ത് മിനിറ്റാണ് കഫെയിൽ ചിലവഴിച്ചത്. 11.35ന് കഫെയിൽ എത്തിയ പ്രതി, 11.44 വരെ അവിടെയുണ്ടായിരുന്നു. കയ്യിലുണ്ടായിരുന്ന വലിയ ബാഗിനുള്ളിൽ, മറ്റൊരു ബാഗിൽ ഒളിപ്പിച്ചാണ് സ്ഫോടക വസ്തു കൊണ്ടുവന്നത്. ഈ ബാഗ് കഫെയിൽ വച്ച ശേഷം അവിടെ നിന്നു പോയി. ഒരു മണിക്കൂറിന് ശേഷം 12.55നാണ് സ്ഫോടനം നടക്കുന്നത്.

കൃത്യമായി പ്രദേശത്ത് നിന്ന് രക്ഷപ്പെട്ട് സുരക്ഷിത സ്ഥാനത്ത് എത്താനുള്ള സമയം ടൈമർ വഴി സജീകരിച്ചാണ് പ്രതി സ്ഫോടനം നടത്തിയിട്ടുള്ളത്. പ്രദേശവും കഫെയും കൃത്യമായി അറിയാവുന്ന ആളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനം നടന്ന കഫെയും പരുക്കേറ്റവരെയും മുഖ്യമന്ത്രി സിദ്ധരാമയ്യ സന്ദർശിച്ചു. ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിലെ എട്ട് സംഘങ്ങളാണ് കേസ് അന്വേഷിയ്ക്കുന്നത്. എൻഎസ് ജി ഉദ്യോഗസ്ഥർ ഇന്ന് കഫെയിലെത്തി പരിശോധന നടത്തി.