ഭാരതം എന്ന വാക്ക് മാറ്റണം; ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ സിനിമക്ക് സെൻസർ ബോർഡ് നിർദേശം

0
181

‘ഒരു ഭാരത സർക്കാർ ഉത്പന്നം’ എന്ന സിനിമയുടെ പേര് മാറ്റാൻ സെൻസർ ബോർഡ് നിർദേശം. ടി.വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ സിനിമയുടെ പേര് മാറ്റാതെ സെൻസർ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് സെൻസർ ബോർഡ് അണിയറ പ്രവർത്തകരെ അറിയിക്കുകയായിരുന്നു.

പേരിലെ ഭാരതം എന്ന വാക്ക് മാറ്റണം എന്നാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്. എന്നാൽ എന്തിനാണ് അത് മാറ്റേണ്ടത് എന്ന് അവർ വ്യക്തമാക്കുന്നില്ല. മറ്റു വഴികളില്ലെന്നും മാർച്ച് എട്ടിന് ചിത്രം പുറത്തിറക്കാൻ വേണ്ടി പേര് മാറ്റുകയാണെന്നും അണിയറ പ്രവർത്തകർ പറഞ്ഞു. ‘ഒരു സർക്കാർ ഉത്പന്നം’ എന്നാണ് പുതിയ പേര്.

നിലവിൽ തിയെറ്ററിൽ പ്രദർശിപ്പിക്കുന്ന സിനിമയുടെ ട്രെയ്‌ലറിന് ഈ പേരിൽ സെൻസർ അനുവദിച്ചിരുന്നതാണ്. സിനിമയുടെ ഉള്ളടക്കത്തിലും സെൻസർ ബോർഡിന് പരാതിയില്ല. പക്ഷേ പേരിലെ ഭാരതം എന്ന വാക്കിനോട് മാത്രമാണ് വിയോജിപ്പെന്ന് സിനിമയിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന സുബീഷ് സുധി പറഞ്ഞു. പോസ്റ്റർ അച്ചടി ഉൾപ്പടെയുള്ള മുഴുവൻ പ്രചാരണവും തുടങ്ങിയ ഈ സമയത്ത് വരുന്ന സെൻസർ ബോർഡ് തീരുമാനം സിനിമയെ പ്രതികൂലമായി ബാധിക്കുമെന്നും അദേഹം പറഞ്ഞു.

സുഭീഷ് സുബി, ഷെല്ലി, ഗൗരി ജി കിഷന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ടി.വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു ഭാരത സര്‍ക്കാര്‍ ഉല്‍പ്പന്നം. ഫണ്‍-ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തിലാണ് ചിത്രം ഒരുക്കുന്നത്. സർക്കാറിന്റെ പുരുഷവന്ധ്യംകരണം പദ്ധതി ഒരു കുടുംബത്തിലുണ്ടാക്കുന്ന പ്രതിസന്ധികളും അതിന്റെ നര്‍മ്മത്തില്‍ ചാലിച്ച ആഖ്യാനവുമാണ് സിനിമയുടെ ഇതിവൃത്തം.