ബെം​ഗളൂരു സ്ഫോടനം; ഒരാൾ കസ്റ്റഡിയിൽ, കൂടുതൽ വിവരങ്ങൾ പുറത്തുവിടാതെ പോലീസ്

ബെംഗളൂരു സ്വദേശിയാണ് കസ്റ്റഡിയിൽ ഉള്ളത്. ഇയാളെ സെൻട്രൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്.

0
196

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ. ബെംഗളൂരു സ്വദേശിയാണ് കസ്റ്റഡിയിൽ ഉള്ളത്. ഇയാളെ സെൻട്രൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. അതേസമയം, കൂടുതൽ വിവരങ്ങൾ ഒന്നും പൊലീസ് പുറത്ത് വിട്ടിട്ടില്ല.

വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫേയിലാണ് സ്‌ഫോടനമുണ്ടായത്. തിരക്കേറിയ ഉച്ചഭക്ഷണ സമയത്ത് ഒരു മണിയോട് കൂടിയാണ് സ്ഫോടനമുണ്ടായത്. ഭക്ഷണശാലയില്‍ മറ്റ് ആറുപേര്‍ക്കൊപ്പം ഇരിക്കുകയായിരുന്ന സ്ത്രീയുടെ പിന്നില്‍ കിടന്നിരുന്ന ബാഗാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവർ ചികിത്സയിലാണ്.

കുന്ദലഹള്ളിയിലുള്ള രമേശ്വരം കഫേയിലുണ്ടായത് ബോംബ് സ്‌ഫോടനമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥിരീകരിച്ചിരുന്നു. തീവ്രത കുറഞ്ഞ ഐഇഡി സ്‌ഫോടനമാണെന്ന് സംശയിക്കുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു. സ്ഫോടനത്തിന് മുമ്പ് ഒരാൾ ബാ​ഗുമായി കഫേയിലെത്തുന്നത് ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഐഇഡി ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കം പരിശോധിക്കുന്നുണ്ടെന്നും സിസിടിവി അടക്കം വിശദമായി പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സ്ഫോടനം നടന്നതിന് അടുത്ത് ഒരു ബാഗ് ഉണ്ടായിരുന്നു എന്ന് ഉടമസ്ഥർ പറയുന്നു. സ്ഫോടനത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ആളുകൾ ചിതറി ഓടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. നല്ല ആൾത്തിരക്കുള്ള ഇടത്താണ് സ്ഫോടനം നടന്നത്. കഫേയിൽ എഫ്എസ്എല്‍ വിദഗ്ധരും പരിശോധന നടത്തി.