കൊടുംചൂടിനെ തണുപ്പിക്കാൻ ആശ്വാസ മഴയെത്തുമോ?; അറിയാം മാർച്ച് ആദ്യ ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം

കാലാവസ്ഥ പ്രവചന പ്രകാരം മാർച്ച് നാലാം തിയതിവരെ കേരളത്തിലെ ഒരു ജില്ലയിലും മഴ സാധ്യതയില്ലെന്നാണ് പറയുന്നത്.

0
127

തിരുവനന്തപുരം: സംസ്ഥാനം ഫെബ്രുവരി മാസത്തിൽ കൊടും ചൂടിലൂടെയാണ് കടന്നുപോയത്. മാർച്ച് തുടങ്ങിയതോടെ ഇനി ഈ മാസം കാലാവസ്ഥ എന്തായിരിക്കും എന്ന ആശങ്കയാണ് ഏവർക്കും. മാർച്ച് മാസത്തിലെങ്കിലും ആശ്വാസമേകാൻ മഴ എത്തുമോ എന്ന ചോദ്യമാണ് ഏവരും ഉന്നയിക്കുന്നത്. എന്നാൽ മാർച്ച് ആദ്യ ദിവസങ്ങളിലെ കാലാവസ്ഥ പ്രവചനം പരിശോധിച്ചാൽ ആശ്വാസത്തിന് വകയില്ലെന്നാണ് വ്യക്തമാകുന്നത്.

കാലാവസ്ഥ പ്രവചന പ്രകാരം മാർച്ച് നാലാം തിയതിവരെ കേരളത്തിലെ ഒരു ജില്ലയിലും മഴ സാധ്യതയില്ലെന്നാണ് പറയുന്നത്. മാർച്ച് മാസം ആദ്യ ദിവസങ്ങളിലും കേരളം ചുട്ടുപൊള്ളും . അതേസമയം ഇന്നും കേരളത്തിൽ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പുണ്ട്. കൊല്ലം , ആലപ്പുഴ , കോട്ടയം , തൃശൂർ , പത്തനംതിട്ട , എറണാകുളം , പാലക്കാട് , കണ്ണൂർ , തിരുവനന്തപുരം , മലപ്പുറം , കോഴിക്കോട് , കാസറഗോഡ് ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കൊല്ലം, ആലപ്പുഴ , കോട്ടയം & തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും പത്തനംതിട്ട, എറണാകുളം, പാലക്കാട് & കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് & കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. പകൽ 11 മണിമുതൽ രാത്രി 3 മണിവരെ പരമാവധി പുറത്തിറങ്ങാതിരിക്കാനും നിർദ്ദേശമുണ്ട്