വാട്സാപ്പിൽ ഇനി പഴയ ചാറ്റുകൾ എളുപ്പത്തിൽ കണ്ടെത്താം; പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റാ

0
55

ആഗോളതലത്തിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നതും ദശലക്ഷകണക്കിന് ഉപയോക്താക്കൾ ദിനംപ്രതി ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റഫോം ആണ് വാട്‌സ്ആപ്പ്. ഇന്നു ബിസിനസ്സുകളും വാട്‌സ്ആപ്പ് കേന്ദ്രീകരിച്ചു നടക്കുന്നു.

കാലാകാലങ്ങളിൽ സുരക്ഷയ്ക്ക് മുൻതൂക്കം നൽകി, ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി കമ്പനി പുതിയ അപ്‌ഡേറ്റുകളും, ഫീച്ചറുകളും പുറത്തിറക്കുന്നു. വലിയ ചാറ്റ് ഹിസ്റ്ററികളിൽ നിന്ന് ഒരു പഴയ ചാറ്റ് കണ്ടെത്തുകയെന്നത് ഇതുവരെ പലർക്കും വലിയ തലവേദനയായിരുന്നു. പലപ്പോഴും ബിസിനസ് ആവശ്യങ്ങൾക്കായി വാട്‌സ്ആപ്പ് ഉപയോഗിച്ചിരുന്നവരെ അലട്ടിയിരുന്ന പ്രശ്‌നം കൂടിയായിരുന്നു ഇത്. എന്നാൽ ഇതിനു ഫലപ്രദമായ പ്രതിവിധി കണ്ടെത്തിയിരിക്കുയാണ് മെറ്റ.

അതേ, ഇനിമുതൽ ഉപയോക്താക്കൾക്ക് പഴയ ചാറ്റുകൾ അതിവേഗം കണ്ടെത്താം. അതിന് ചാറ്റ് നടന്ന തീയതി മാത്രം അറിഞ്ഞാൽ മതി. പഴയ ചാറ്റുകൾ കണ്ടെത്താൻ ‘search by date’ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. ആൻഡ്രോയിഡ് ഉപകരണങ്ങൾക്കായാണ് പുതിയ അപ്‌ഡേറ്റ്. ഐഒഎസ്, മാക്, വാട്‌സ്ആപ്പ് വെബ് പതിപ്പുകളിൽ ഇതോടം തന്നെ ഈ ഫീച്ചർ ലഭ്യമാണ്. വ്യക്തിഗത ചാറ്റുകൾക്കും, ഗ്രൂപ്പ് ചാറ്റുകൾക്കും ഈ ഫീച്ചർ ഉപയോഗിക്കാനാകും.

മെറ്റാ സിഇഒ മാർക്ക് സുക്കർബർഗ് തന്റെ വാട്സ്ആപ്പ് ചാനലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചാറ്റിന്റെ തീയതി വച്ചു പഴയ ചാറ്റുകൾ തിരയാൻ സാധിക്കുന്നത് പലരുടെതും ജോലി എളുപ്പമാക്കും. പുതിയ ഫീച്ചർ ഒരു പ്രസ്തുത തിയതി തിരഞ്ഞെടുത്ത്, ആ തീയതി മുതൽ അയച്ച എല്ലാ സന്ദേശങ്ങളിലേക്കും ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നു.

തീയതി വഴി സെർച്ച് ചെയ്യുന്നതെങ്ങനെ

വാട്‌സ്ആപ്പിൽ ചാറ്റ് സെർച്ച് ചെയ്യേണ്ട കോൺടാക്‌ടോ, ഗ്രൂപ്പോ ക്ലിക്ക് ചെയ്യുക.
തുറന്നുവരുന്ന വിൻഡോയിൽ കോൺടാക്ട്/ ഗ്രൂപ്പിന്റെ പേരിൽ ക്ലിക്ക് ചെയ്യുക.
സെർച്ച് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ഇവിടെ സെർബ്ബ് വിൻഡോയുടെ വലതു ഭാഗത്ത് ഒരു കലണ്ടറിന്റെ ചിഹ്നം കാണാനാകും.
ഇവിടെ നിങ്ങൾക്ക് ആവശ്യമായ തീയതി നൽകി, സെർച്ച് ക്ലിക്ക് ചെയ്യുക.

കഴിഞ്ഞയാഴ്ച പുതിയ ടെക്സ്റ്റ് ഫോർമാറ്റിംഗ് ഓപ്ഷനുകൾക്കുള്ള അപ്‌ഡേറ്റ് കമ്പനി പുറത്തിറക്കിയിരുന്നു. ബുള്ളറ്റഡ് ലിസ്റ്റുകൾ, അക്കമിട്ട ലിസ്റ്റുകൾ, ബ്ലോക്ക് ഉദ്ധരണികൾ, ഇൻലൈൻ കോഡ് എന്നിവ പിന്തുണയ്ക്കുന്നതായിരുന്നു ഈ അപ്‌ഡേറ്റ്.

ഉപയോക്താക്കൾക്ക് അവരുടെ സംഭാഷണങ്ങൾക്ക് മുൻഗണന നൽകാനും, സന്ദേശമയയ്ക്കൽ അനുഭവത്തിൽ കൂടുതൽ നിയന്ത്രണവും കാര്യക്ഷമതയും നൽകാനും സഹായിക്കുന്ന ‘favourite contacts filter’ ഫീച്ചറിൽ വാട്‌സ്ആപ്പ് പ്രവർത്തിക്കുന്നതായാണ് പുതിയ റിപ്പോർട്ട്.