പർദ്ദ ധരിച്ചെത്തി, പിന്നീട് മുഖത്ത് മുളകുപൊടി മിശ്രിതം ഒഴിച്ചു; സ്വർണവും പണവും കവർന്ന കേസിൽ യുവതി അറസ്റ്റിൽ

സി.സി ടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ചൊവ്വാഴ്ച രാവിലെ പാലക്കാട്ടുനിന്നാണ് പിടികൂടിയത്

0
47

തൃപ്പൂണിത്തുറ: ചിട്ടിസ്ഥാപന ഉടമയെ ആക്രമിച്ച് മുഖത്ത് മുളകുപൊടി കലർന്ന മിശ്രിതമൊഴിച്ച് സ്വർണവും പണവും കവർന്ന കേസിൽ യുവതി അറസ്റ്റിൽ. തൃപ്പൂണിത്തുറയിൽ വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് കരിമ്പുഴ പടിഞ്ഞാറേതിൽ ഫസീലയെയാണ് (36) ഹിൽപാലസ് പൊലീസ് അറസ്റ്റുചെയ്തത്. പഴയ ബസ്‌സ്റ്റാൻഡിന് സമീപത്തെ സാൻപ്രീമിയർചിട്ടി സ്ഥാപന ഉടമ കീഴത്തുവീട്ടിൽ കെ.എൻ. സുകുമാരമേനോനെയാണ് യുവതി അക്രമിച്ചത്

കഴിഞ്ഞ 21ന് രാവിലെ ഒമ്പതരയോടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പർദ്ദ ധരിച്ചെത്തിയ ഫസീല സുകുമാരമേനോന്റെ മുഖത്ത് മുളകുപൊടി കലർന്ന മിശ്രിതമൊഴിച്ച് മൂന്നുപവന്റെ മാലയും പതിനായിരം രൂപയും തട്ടിയെടുത്ത ശേഷം കടന്നുകളയുകയായിരുന്നു. ഈ സമയം സ്ഥാപനത്തിൽ മറ്റാരുമുണ്ടായിരുന്നില്ല.സി.സി ടിവി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ചൊവ്വാഴ്ച രാവിലെ പാലക്കാട്ടുനിന്നാണ് പിടികൂടിയത്.

കൂടത്തായി മോഡലിൽ ഭർതൃപിതാവിനെ ഭക്ഷണത്തിൽ വിഷംകലർത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഫസീലയെന്ന് പൊലീസ് പറഞ്ഞു. ആഡംബര ജീവിതത്തിന് പണം കണ്ടെത്താൻ കവർച്ച നടത്തുന്നത് ഇവരുടെ ശീലമാണെന്നും പൊലീസ് വ്യക്തമാക്കി.ഹിൽപാലസ് സ്റ്റേഷൻ എസ്.എച്ച്.ഒ ആനന്ദ്ബാബുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ടോൾസൺ ജോസഫ്, രേഷ്മ, എ.എസ്.ഐ രഞ്ജിത്‌ലാൽ, എസ്.സി.പി.ഒ ബൈജു, പോൾ മൈക്കിൾ, സി.എൽ. ബിന്ദു, സി.പി.ഒ അൻസാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.