ലോക്‌സഭ തെരഞ്ഞെടുപ്പ് ; മുസ്ലിം ലീ​ഗ് സ്ഥാനാർത്ഥികൾ ആരൊക്കെ? ഇന്നറിയാം

സീറ്റ്‌ വേണമെന്ന ആവശ്യവുമായി യൂത്ത്‌ ലീഗ്‌ നേതാക്കൾ എത്തിയത്‌ പാർട്ടിയിൽ പുതിയ പ്രതിസന്ധിയുണ്ടാക്കി

0
148

ലോക്‌സഭ തെരഞ്ഞെടുപ്പിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിൾ ആരൊക്കെയാണെന്ന് ഇന്നറിയാം. ഇന്നത്തെ യോഗത്തിന് ശേഷമായിരിക്കും സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായിരിക്കുക. യോഗത്തില്‍ ലോക്‌സഭാ സീറ്റിന് പകരം രണ്ടാം രാജ്യസഭാ സീറ്റെന്ന കോണ്‍ഗ്രസ് നിര്‍ദേശം ചര്‍ച്ച ചെയ്യും. മലപ്പുറത്തിനും പൊന്നാനിക്കും പുറമേ തമിഴ്‌നാട് രാമനാഥപുരത്തെയും സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 10 മണിക്ക് നടക്കുന്ന യോഗത്തിന് ശേഷം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഷിഹാബ് തങ്ങള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും .

അതേസമയം, മൂന്നാം സീറ്റ്‌ വേണമെന്ന ആവശ്യം കോൺഗ്രസ്‌ തള്ളിയതിനെക്കുറിച്ചുള്ള മുസ്ലിംലീഗിന്റെ നിലപാട്‌ എന്താണ് എന്നുള്ളതും ഇന്നറിയാം. രാജ്യസഭ സീറ്റ്, യുവപ്രാതിനിധ്യം എന്നിവയില്‍ അനിശ്ചിതത്വം തുടരുകയാണ്. പ്രാതിനിധ്യം ആവശ്യപ്പെട്ട് യൂത്ത് ലീഗ് രംഗത്തെത്തിയിരുന്നു. മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും രാമനാഥ പുരത്ത് നവാസ്ഖനിയും മത്സരിച്ചേക്കും. പൊന്നാനിയില്‍ അബ്ദുള്‍ സമദ് സമദാനിക്കാണ് സാധ്യതയെങ്കിലും അന്തിമ തീരുമാനമായിട്ടില്ല.

സീറ്റ്‌ വേണമെന്ന ആവശ്യവുമായി യൂത്ത്‌ ലീഗ്‌ നേതാക്കൾ എത്തിയത്‌ പാർട്ടിയിൽ പുതിയ പ്രതിസന്ധിയുണ്ടാക്കി. മൂന്നാം സീറ്റ്‌ ആവശ്യം കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ്‌ ബഷീറും പി എം എ സലാമും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനോടും പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനോടും ആവർത്തിച്ചെങ്കിലും ആവശ്യം കോൺഗ്രസ്‌ തള്ളുകയായിരുന്നു. എഐസിസി അംഗീകരിച്ചാൽ രാജ്യസഭ സീറ്റ്‌ പരിഗണിക്കാമെന്നാണ്‌ വാഗ്‌ദാനം. അതേസമയം, കോൺഗ്രസുമായുള്ള ചർച്ചയിലെ വിവരങ്ങൾ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ്‌ ബഷീറും ഇന്നലെ പാണക്കാട്ടെത്തി സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി തങ്ങളെ ധരിപ്പിച്ചിരുന്നു.