‌‌വന്ദേഭാരതിൽ സ്‌മോക്ക് അലാറം മുഴങ്ങി, ട്രയിൻ നിർത്തിയിട്ടത് 23 മിനിറ്റ് ; ആരോ പുകവലിച്ചതാണെന്ന് കണ്ടെത്തൽ

യാത്രക്കാരനെതിരെ നടപടിയെടുക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. പുകവലിച്ച യാത്രക്കാരനിൽ നിന്ന് ഭീമമായ തുക പിഴയായി ഈടാക്കും.

0
170

കൊച്ചി: കമ്പാർട്ട്മെന്റിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് വന്ദേഭാരത് ട്രെയിൻ നിർത്തിയിട്ടു. തിരുവനന്തപുരത്തു നിന്ന് മംഗലാപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിനിലാണ് സംഭവം. ആലുവയിൽ 23 മിനിറ്റാണ് ട്രെയിൻ നിർത്തിയിട്ടത്. സി5 കോച്ചിൽ നിന്നാണ് പുക ഉയർന്നത്. എസി ഗ്യാസ് ചോര്‍ന്നതാണെന്നാണ് അധികൃതര്‍ ആദ്യം അറിയിച്ചത്. എന്നാൽ ട്രെയിനിൽ ആരോ പുകവലിച്ചിട്ടുണ്ടെന്നാണ് പിന്നീട് കണ്ടെത്തിയത്.

കളമശേരിക്കും ആലുവയ്ക്കും ഇടയിൽവെച്ചാണ് പുക കണ്ടത്. രാവിലെ 9 മണിയോടെയായിരുന്നു പുക ഉയർന്നത്. തുടർന്ന് സ്‌മോക്ക് അലാറം മുഴങ്ങി. ലോക്കോ പൈലറ്റ് ഉടൻ ട്രെയിൻ നിർത്തുകയും ചെയ്തു. ട്രെയനിൽ നടത്തിയ പരിശോധനയിൽ നിന്നാണ് പുക വലിച്ചതോടെയാണ് അലാറം മുഴങ്ങിയതെന്ന് കണ്ടെത്തിയത്. 23 മിനിറ്റാണ് ട്രെയിൻ നിർത്തിയിടേണ്ടി വന്നത്. ട്രെയിനുള്ളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച് യാത്രക്കാരനെ കണ്ടെത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.

യാത്രക്കാരനെതിരെ നടപടിയെടുക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. പുകവലിച്ച യാത്രക്കാരനിൽ നിന്ന് ഭീമമായ തുക പിഴയായി ഈടാക്കും. ട്രെയിനിൽ പുകവലിക്കരുതെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയ ശേഷമാണ് യാത്ര പുനരാരംഭിച്ചത്. അതേസമയം എസി വാതകം ചോർന്നിട്ടുണ്ടോയെന്ന് സംശയമുള്ളതായും അധികൃതർ അറിയിച്ചു. ട്രെയിന്‍ മംഗലാപുരത്ത് എത്തിയ ശേഷം വിശദമായ പരിശോധന നടത്തും.