സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി

0
186

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന തമിഴ്നാട് മുൻ മന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്. 2023 ജൂൺ 14നാണ് സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തത്. അതിന് പിന്നാലെ ഫെബ്രുവരി 13ന് സെന്തിൽ ബാലാജി സംസ്ഥാന മന്ത്രിസഭയിൽ നിന്ന് രാജിവച്ചിരുന്നു.

വിശ്വസനീയമായ തെളിവുകളുടെ അഭാവം, ഇഡിയുടെ അന്വേഷണത്തിൻ്റെ സമാപനം, മന്ത്രിസഭയിൽ നിന്നുള്ള സെന്തിൽ ബാലാജിയുടെ രാജി തുടങ്ങി നിരവധി കാരണങ്ങൽ ചൂണ്ടികാട്ടിയാണ് ജാമ്യം തേടിയത്. എന്നാൽ ഈ വാദങ്ങളെ ഇ‍ഡി അഭിഭാഷകർ വ്യാപകമായി എതിർത്തിരുന്നു. ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസ് വെങ്കിടേഷ് കേസ് മൂന്ന് മാസത്തിനകം വിചാരണ പൂർത്തിയാക്കാനും നിർദേശിച്ചു.

2011 മുതൽ 2015 വരെ ജയലളിത സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ നിയമനങ്ങൾക്കായി കോഴ വാങ്ങിയെന്നാണ് സെന്തിൽ ബാലാജിക്ക് എതിരെയുള്ള ആരോപണം. ഉദ്യോഗസ്ഥരുമായി ചേർന്ന് സെന്തിൽ ബാലാജി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിലും പറയുന്നു. ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികളുടെ മാർക്കിൽ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇഡിയുടെ റിപ്പോർട്ടിലുണ്ട്.