തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമസേനയുടെ ടെക്‌നിക്കല്‍ ഏര്യയില്‍ രാവിലെ 10.30ന് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് പോകും. തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ അഭിമാനപദ്ധതിയായ ഗഗൻയാൻ യാത്രികരെ പ്രഖ്യാപിക്കും. അതിലൊരാൾ മലയാളിയെന്നാണ് സൂചന.
ഗഗൻയാൻ പദ്ധതിക്കായി തിരുവനന്തപുരത്തും തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലും ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലും ഒരുക്കിയ 1800 കോടിയുടെ നവീന സംവിധാനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.ബഹിരാകാശ യാത്രികരുടെ പേരും വിവരങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിക്കും. ദൗത്യത്തിനുവേണ്ടി പരിശീലനം നേടിയവരിൽ ഒരാൾ മലയാളിയാണ്. ഇദ്ദേഹം വ്യോമസേനയിലെ സ്‌ക്വാഡ്രൺ ലീഡറായുള്ള ഉദ്യോഗസ്ഥനാണെന്നാണ് വിവരം. പ്രധാനമന്ത്രി വിക്രം സാരാഭായ് സ്‌പേസ് സെന്റർ സന്ദർശിച്ച് ഗഗൻയാൻ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തും. ഇതിനുശേഷമാകും പ്രഖ്യാപനം.
തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണി വരെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.20ന് തിരുവനന്തപുരത്ത് നിന്ന് തമിഴ്‌നാട്ടിലേക്ക് യാത്ര തിരിക്കും. 28ന് ഉച്ചയ്ക്ക് 1.10ന് തിരുനെല്‍വേലിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം ഉച്ചയ്ക്ക് 1.15ന് മഹാരാഷ്ട്രയിലേക്ക് പോകും.