വീണ്ടും കാട്ടാന ആക്രമണം ; ഓട്ടോറിക്ഷാ ഡ്രൈവർക്ക് ദാരുണാന്ത്യം, മൂന്നാറിൽ എൽഡിഎഫ് ഹര്‍ത്താൽ

ഓട്ടോയെ കുത്തി മറിച്ചിട്ട ഒറ്റയാൻ ഓട്ടോയിൽ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിയുകയായിന്നു.

0
90

ഇടുക്കി: മൂന്നാർ കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് ദാരുണാന്ത്യം. കന്നിമല എസ്റ്റേറ്റ് ടോപ്പ് ഡിവിഷൻ സ്വദേശി സുരേഷ് കുമാർ (മണി-45) ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എസക്കി രാജ, ഭാര്യ റജീന എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ മൂന്നാർ ടാറ്റാ ടീ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കെ.ഡി.എച്ച് വില്ലേജ് പരിധിയിലാണ് ഹര്‍ത്താൽ ആചരിക്കുന്നത്. കോൺഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി 9.30 മണിയോടെയായിരുന്നു സംഭവം.കന്നിമല എസ്റേററ്റ് ഫാക്ടറിയിൽ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം. മണി ആണ് ഓട്ടോ ഓടിച്ചിരുന്നത്. ഓട്ടോയെ കുത്തി മറിച്ചിട്ട ഒറ്റയാൻ ഓട്ടോയിൽ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിയുകയായിന്നു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു. മണിയെ കൂടാതെ നാലു പേരാണ് ഓട്ടോയിൽ ഉണ്ടായിരുന്നു.

യാത്രക്കാരിൽ എസക്കി രാജ (45) റെജിന (39) എന്നിവരുടെ പരുക്ക് ഗുരുതരമാണ്. ഇവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസക്കി രാജയുടെ മകൾ പ്രിയയുടെ സ്കൂളിൽ വാര്‍ഷിക ദിന പരിപാടി കഴിഞ്ഞ തിരികെ വരുമ്പോഴായിരുന്നു സംഭവം. ഇരോടൊപ്പം രണ്ട് ഇതര സംസ്ഥാന തൊഴിലാളികളുമുണ്ടായിരുന്നു. മണി ആണ് ഓട്ടോ ഓടിച്ചിരുന്നത്. കന്നിമല എസ്റ്റേറ്റ് ബംഗ്ലാവിനു സമീപത്ത് വച്ചാണ് ഇവർ കാട്ടാനയുടെ മുന്നിലകപ്പെട്ടത്. ജനുവരി 23ന് ഗുണ്ടുമല എസ്റ്റേറ്റിൽ തമിഴ്‌നാട് സ്വദേശിയെ ചവിട്ടി കൊന്ന ആന തന്നെയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ഇതോടെ രണ്ട് മാസത്തിനിടെ മൂന്നാർ മേഖലയിൽ മാത്രം കാട്ടാന ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം നാലായി.

ടയപ്പയും മറ്റൊരു കാട്ടാനക്കൂട്ടവും ഈ ഭാഗത്ത് രാവിലെ മുതൽ ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. ഏത് കാട്ടാനയാണ് ആക്രമണം നടത്തിയതെന്ന് വനംവകുപ്പ് പരിശോധിക്കുകയാണ്. പരിക്കേറ്റവരെ മൂന്നാറിലെ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും. കഴിഞ്ഞ മാസം 23 ന് മൂന്നാർ ഗുണ്ടുമലയിലും ഒരാൾ കാട്ടാന ആക്രമണത്തിൽ കൊലപ്പെട്ടിരുന്നു.