ഗ്യാൻവാപി പള്ളിയിൽ ഹിന്ദുക്കൾക്ക് പൂജ തുടരാം; മസ്ജിദ് കമ്മിറ്റിയുടെ അപ്പീൽ തള്ളി അലഹബാദ് ഹൈക്കോടതി

മസ്‌ജിദിലെ ദക്ഷിണമേഖലയിലെ സെല്ലാറിനുള്ളിൽ ഹിന്ദുപുരോഹിതന് പൂജകൾ അർപ്പിക്കാമെന്ന് വാരാണസി ജില്ലാക്കോടതി ജനുവരി 31നാണ് ഉത്തരവിട്ടത്

0
173

ലക്‌നൗ: ഗ്യാന്‍വാപി പള്ളിയിൽ ഹിന്ദുക്കൾക്ക് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. ഹിന്ദുമതപ്രകാരമുള്ള പൂജകൾ ചെയ്യാൻ അനുമതി നൽകിയ വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് നൽകിയ ഹ‌ർജി അലഹബാദ് ഹൈക്കോടതി തള്ളി. മസ്‌ജിദിലെ ദക്ഷിണമേഖലയിലെ സെല്ലാറിനുള്ളിൽ ഹിന്ദുപുരോഹിതന് പൂജകൾ അർപ്പിക്കാമെന്ന് വാരാണസി ജില്ലാക്കോടതി ജനുവരി 31നാണ് ഉത്തരവിട്ടത്. ഇതുതുടരാമെന്ന് പള്ളിക്കമ്മിറ്റിയുടെ ഹ‌ർജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളാണ് വിധി പ്രസ്താവിച്ചത്.

വാരണാസി കോടതി ഗ്യാന്‍വാപി പള്ളിയുടെ തെക്കൻ നിലവറയായ വ്യാസ് തെഹ്ഖാനയിൽ ഹിന്ദു പക്ഷത്തിന് പ്രാർത്ഥന നടത്താമെന്ന് വിധിച്ചിരുന്നു. ഈ വിധിയെ ചോദ്യം ചെയ്താണ് അഞ്ജുമാൻ ഇൻ്റസാമിയ മസാജിദ് കമ്മിറ്റി ഫെബ്രുവരി ഒന്നിന് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൻ്റെ മുഴുവൻ രേഖകളും പരിശോധിച്ച ശേഷം ജില്ലാ കോടതി പുറപ്പെടുവിച്ച വിധിയിൽ ഇടപെടേണ്ട ആവശ്യമുള്ളതായി കരുതുന്നില്ലെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ പറഞ്ഞു.

ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) റിപ്പോർട്ട് പരസ്യമാക്കിയതിന് പിന്നാലെയാണ് വാരാണസി ജില്ലാ കോടതി ഹിന്ദുമത പ്രകാരമുള്ള പൂജ നടത്താൻ ഉത്തരവിട്ടത്. ഔറംഗസീബിന്റെ ഭരണകാലത്ത് ഒരു ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലാണ് പള്ളി പണിതതെന്നായിരുന്നു എഎസ്ഐ റിപ്പോർട്ടിൽ അഭിപ്രായപ്പെട്ടത്. എന്നാൽ റിപ്പോർട്ട് തള്ളിയ മസ്ജിദ് കമ്മിറ്റി, നിലവറയിൽ വിഗ്രഹങ്ങളൊന്നും നിലവിലില്ലെന്നും അതിനാൽ 1993വരെ അവിടെ പ്രാർഥന നടത്തിയിരുന്നില്ലെന്നും വാദിച്ചു. തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹർജിയിൽ ഇടപെടാൻ കോടതി തയ്യാറായിരുന്നില്ല. ഇതിനുശേഷമായിരുന്നു ഹൈക്കോടതിയിൽ ഹ‌ർജി നൽകിയത്.