ലോക്സഭാ തെരഞ്ഞെടുപ്പ്; മുസ്ലിം ലീഗിന് മൂന്നാം സീറ്റില്ല, രാജ്യസഭാ സീറ്റ് നൽകാമെന്ന് കോൺഗ്രസ്

രാജ്യസഭാ സീറ്റ് നിർദ്ദേശം ലീഗിന് മുന്നിൽ വെച്ച കാര്യം കോൺഗ്രസ് സംസ്ഥാന നേതൃത്വം എഐസിസിയെയും അറിയിക്കും.

0
76

കൊച്ചി : ലോകസഭാ തെരഞ്ഞെടുപ്പിൽ മൂന്നാമത്തെ സീറ്റെന്ന മുസ്ലിം ലീഗ് ആവശ്യം പരി​ഗണിക്കാനാവില്ലെന്ന് കോൺഗ്രസ്. മൂന്നാം സീറ്റിന് പകരം രാജ്യസഭാ സീറ്റ് ലീഗിന് നല്‍കാമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചിരിക്കുന്നത്. നിര്‍ദേശം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവും എഐസിസിയെ അറിയിക്കും. സാദിഖലി തങ്ങളുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് ലീഗ് വ്യക്തമാക്കി.

27 ലെ ലീഗ് യോഗം കോൺഗ്രസ് നിർദ്ദേശം ചർച്ച ചെയ്യും. രാജ്യസഭാ സീറ്റ് നിർദ്ദേശം ലീഗിന് മുന്നിൽ വെച്ച കാര്യം കോൺഗ്രസ് സംസ്ഥാന നേതൃത്വം എഐസിസിയെയും അറിയിക്കും. നിലവിലെ സാഹചര്യത്തിൽ ലീഗിന് മൂന്നാം സീറ്റ് കിട്ടിയേക്കില്ലെന്നാണ് സൂചന. എന്നിരുന്നാലും പോസിറ്റീവ് എന്നായിരുന്നു യോഗത്തിന് ശേഷം കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അതേസമയം, ഇന്നത്തെ യോഗത്തിലെ തീരുമാനം കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അന്തിമ തീരുമാനമായ ശേഷം സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലീഗിനായി പി.കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ, എം.കെ മുനീർ, പി എം എ സലാം, കെ പി എ മജീദ് എന്നിവർ പങ്കെടുത്തു. കോൺഗ്രസിനായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, എംഎം ഹസൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.