ബസുകളുടെ മത്സരയോട്ടം ; കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു, നിരവധി പേർക്ക് പരിക്ക്

സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.

0
74

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ ബസുകളുടെ മത്സരയോട്ടത്തിനിടെ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു. നിരവധി പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. രാവിലെ റോഡിൽ വലിയ തിരക്കില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ല.

രാവിലെ കൊണ്ടോട്ടി ബസ്റ്റാൻറിന് സമീപമാണ് അപകടം ഉണ്ടായത്. കോഴിക്കോട് പാലക്കാട് റൂട്ടിലെ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. ഇതേ റൂട്ടിലെ സ്വകാര്യ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടയാണ് അപകടം. വലതുവശം ചേർന്ന് പോവുകയായിരുന്ന ബസിനേ ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ കെഎസ്ആർടിസി ബസ് ഡിവൈഡറിൽ കയറി മറിയുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ യാത്രക്കാർ ചികിത്സ തേടി മടങ്ങി. ഈ പാതയിൽ ബസുകളുടെ മത്സരയോട്ടവും അപകടവും നിത്യ കാഴ്ചയാണെന്ന് നാട്ടുകാർ പറയുന്നു. അപകടത്തെ തുടർന്ന് അൽപനേരം നഗരത്തിൽ ഗതാഗത കുരുക്കുണ്ടായി. സംഭവത്തെക്കുറിച്ച് കെഎസ്ആർടിസി അന്വേഷണം തുടങ്ങി.