സംഘർഷം ഒഴിയാതെ മണിപ്പൂർ ; സർവകലാശാല ക്യാമ്പസിൽ സ്ഫോടനം, ഒരാൾ കൊല്ലപ്പെട്ടു

മണിപ്പൂർ പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും പ്രദേശം വളയുകയും തെരച്ചിൽ ആരംഭിക്കുകയും ചെയ്തു.

0
147

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. മണിപ്പൂർ സർവകലാശാല ക്യാമ്പസിനുള്ളിൽ ഇന്നലെ രാത്രി സ്ഫോടനം ഉണ്ടായി. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഓൾ ഇന്ത്യ മണിപ്പൂര്‍ സ്റ്റുഡന്റ്സ് യൂണിയൻ ഓഫീസിന് മുന്നിലായിരുന്നു സ്ഫോടനം നടന്നതെന്നാണ് വിവരം. ഐഇഡി സ്ഫോടനമാണ് നടന്നത്. സംഭവത്തിൽ പരിക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.

വെള്ളിയാഴ്ച രാത്രി 9.20 ഓടെയാണ് സംഭവം. ഡിഎം കോളജ് കാമ്പസിനുള്ളിലെ എഎംഎസ്‌യു ഓഫീസിലാണ് സ്‌ഫോടനം നടന്നതെന്നാണ് റിപ്പോർട്ട്. ഒയിനം കെനെജി എന്ന 24 കാരനാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഒയിനം കെനെജിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സ്ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. മണിപ്പൂർ പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും പ്രദേശം വളയുകയും തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. സ്‌ഫോടന കാരണവും പിന്നിൽ പ്രവർത്തിച്ചവരേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.