ഗരുഡൻ ‘തൂക്ക്’ വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവം ; നടപടിയെടുക്കാൻ നിർദ്ദേശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷൻ

പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

0
207

പത്തനംതിട്ട: പത്തനംതിട്ട ഏഴംകുളം ക്ഷേത്രത്തിലെ തൂക്കം വഴിപാടിനിടെ 10 മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണ സംഭവത്തില്‍ നടപടിയെടുക്കാൻ നിർദ്ദേശം നൽകി സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ. ജില്ലാ ശിശു സംരക്ഷണ സമിതിയോടാണ് നടപടിയെടുക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശം നൽകിയത്.

ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. തൂക്കുകാരൻ്റെ കൈയിൽ നിന്നുമാണ് കുഞ്ഞ് താഴേക്ക വീണത്. പരിക്കേറ്റ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആരും പരാതി ഇല്ലാത്തതിനാൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

അതേസമയം, വേണ്ടത്ര സുരക്ഷ സംവിധാനങ്ങൾ ഒരുക്കാതെയാണ് ആചാരം നടത്തുന്നതെന്ന വിമർശനം ശക്തമാണ്. ഇത്തവണ 624 തൂക്കങ്ങളാണ് നടന്നത്. ഇതിൽ, 124 കുട്ടികളാണുള്ളത്. ഇഷ്ട സന്താനലബ്ധിക്കും ആഗ്രഹപൂർത്തീകരണത്തിനുമായാണ് തൂക്ക വഴിപാട് നടത്തുന്നതെന്ന് പറയുന്നു.

പത്തനംതിട്ട ജില്ലയിൽ ഏഴംകുളം പഞ്ചായത്തിലാണ്‌ ഏഴംകുളം ദേവീക്ഷേത്രം ഉള്ളത്. തെക്കൻ കേരളത്തിൽ തൂക്കത്തിലൂടെ പ്രസിദ്ധമായ ക്ഷേത്രമാണ് ഏഴംകുളത്തേത്. ആറ് മാസം പ്രായമുളള കുട്ടികളുൾപ്പെടെ ഈ ആചാരത്തിൻെറ ഭാഗമാകാറുണ്ട്.