വയനാട്ടിലെ പ്രതിഷേധങ്ങള്‍ ന്യായം; കാര്യങ്ങള്‍ ചെയ്യാന്‍ വയനാട്ടില്‍ പോകേണ്ടതില്ല, അക്രമങ്ങള്‍ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നും വഴി തിരിച്ചുവിടും: മന്ത്രി എ കെ ശശീന്ദ്രന്‍

രണ്ടു തട്ടിലായിട്ടാണ് വയനാട്ടില്‍ യോഗം ചേരുന്നത്. ഒന്ന് സര്‍വകക്ഷിയോഗവും, രണ്ടാമത്തേത് തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടേയും യോഗം.

0
209

വയനാട്: വയനാട്ടിലെ വന്യജീവി ആക്രമണത്തില്‍ പ്രതിഷേധങ്ങള്‍ ന്യായമാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. എന്നാല്‍ അക്രമങ്ങള്‍ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നും വഴി തിരിച്ചുവിടുമെന്നും മന്ത്രി പറഞ്ഞു. താന്‍ വയനാട്ടില്‍ പോയില്ല എന്നത് ആരോപണമല്ല, വസ്തുതാണ്. എന്നാല്‍ കാര്യങ്ങള്‍ ചെയ്യാന്‍ വയനാട്ടില്‍ പോകേണ്ടതില്ല. ആ പ്രതികരണങ്ങള്‍ മനസ്സിലാക്കി ഫലപ്രദമായി നടപടികള്‍ സ്വീകരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ജോലി. ഈ നടപടികളുടെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി ജനപ്രതിനിധികളുടെ യോഗം വിളിച്ചതെന്ന് മന്ത്രി പറഞ്ഞു.

പ്രശ്നങ്ങൾ സങ്കീർണമാക്കാൻ ചില വാട്സ്ആപ്പ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അതിൽ കൂടുതൽ അന്വേഷണം വേണം. ഓരോ മണിക്കൂറിലും വയനാട്ടിലെ കാര്യങ്ങൾ വിലയിരുത്തും. പ്രതിഷേധം അക്രമാസക്തമായാല്‍ കേസെടുക്കാതിരിക്കാനാകില്ല. ജനം അക്രമാസക്തമായിരിക്കുമ്പോൾ പ്രശ്ന പരിഹാരമുണ്ടാവില്ല. തന്നെ തടയാൻ പാടില്ല എന്ന നിലപാട് താൻ എടുക്കില്ലെന്നും മന്ത്രി വിശദീകരിച്ചു.

എല്ലാവരുടേയും സൗകര്യാര്‍ത്ഥമാണ് 20 ന് മന്ത്രിതല സമിതി വയനാട്ടിലെത്തുന്നത്. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചകളില്‍ എടുത്ത തീരുമാനം വയനാട്ടിലെത്തി അറിയിച്ച്, അവിടത്തെ ജനപ്രതിനിധികളുടെ കൂടി അഭിപ്രായം കേട്ടശേഷം നടപടി സ്വീകരിക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. രണ്ടു തട്ടിലായിട്ടാണ് വയനാട്ടില്‍ യോഗം ചേരുന്നത്. ഒന്ന് സര്‍വകക്ഷിയോഗവും, രണ്ടാമത്തേത് തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടേയും യോഗം. അതിന്റെയെല്ലാം പശ്ചാത്തല സൗകര്യം ഒരുക്കി ഒരു സ്ഥലത്ത് ചെല്ലുന്നതാണ് ഉചിതമെന്ന് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.