വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ വയനാട്ടിൽ അടിയന്തിര യോഗം ചേരും, പോളിൻ്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകും ; വനം മന്ത്രി എ കെ ശശീന്ദ്രൻ

പോളിന് ചികിത്സ നൽകുന്നതിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് പറഞ്ഞ വനംമന്ത്രി കുടുംബത്തിൻ്റെ പരാതി ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അറിയിച്ചു

0
181

കൽപ്പറ്റ: വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ വയനാട്ടിൽ അടിയന്തര യോഗം ചേരുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. യോഗം രണ്ടോ മൂന്നോ ദിവസത്തിനകം ചേരും. ജില്ലയിലെ പഞ്ചായത്ത് പ്രസിഡണ്ടുമാരെ ഉൾപ്പെടുത്തി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോളിനെ ആശുപത്രിയിൽ എത്തിക്കാൻ താമസം ഉണ്ടായിട്ടില്ല എന്നും മന്ത്രി പറഞ്ഞു. എന്തെങ്കിലും വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. കുടുംബത്തിൻ്റെ പരാതി പരിശോധിക്കുമെന്നും പോളിൻ്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു. രാജി ആവശ്യം രാഷ്ട്രീയ മുദ്രാവാക്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പോളിന് ചികിത്സ നൽകുന്നതിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് പറഞ്ഞ വനംമന്ത്രി കുടുംബത്തിൻ്റെ പരാതി ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അറിയിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വയനാട്ടിൽ ഉന്നതതല യോഗം ചേരും. മന്ത്രിതല സംഘം വയനാട് സന്ദർശിക്കും. ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റുമാരേയും യോഗത്തിലേക്ക് ക്ഷണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ബേലൂർ മഖ്നയെ പിടികൂടാനുള്ള ശ്രമം തുടരുന്നുവെന്നും ആനയെ പിടികൂടാൻ തന്നെയാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പോളിന്റെ മൃതദേഹം ഇന്ന് രാവിലെ ബന്ധുക്കൾക്ക് കൈമാറി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുള്ള മൃതദേഹം ഇന്നലെ രാത്രിയോടെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. നഷ്ടപരിഹാരം, കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി തുടങ്ങിയ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂ എന്ന നിലപാടിലാണ് പോളിന്‍റെ ബന്ധുക്കള്‍.