കൊച്ചി: തൃപ്പൂണിത്തുറ പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ കൂടുതല്‍ പേര്‍ കസ്റ്റഡിയിൽ. ഒളിവിലായിരുന്ന പുതിയകാവ് ക്ഷേത്രം ഭാരവാഹികളായ അഞ്ചുപേരെയാണ് ഹില്‍പാലസ് പോലീസ് പിടികൂടിയത്. ഒളിവിലുള്ള ഇവരെ അടിമാലിയിൽ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കേസില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തത്. ദേവസ്വം പ്രസിഡന്റ്, സെക്രട്ടറി ഉള്‍പ്പടെ 9 പേരാണ് ഇപ്പോൾ പോലീസിന്റെ കസ്റ്റഡിയിലുള്ളത്.
അതേസമയം, ജില്ലാ കളക്ടര്‍ നിയോഗിച്ച അന്വേഷണ സംഘം ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. സബ് കളക്ടര്‍ കെ മീരയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടുണ്ടോ എന്നതടക്കമാണ് സംഘം പരിശോധിക്കുന്നത്. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പുരോഗമിക്കുകയാണ്. നഷ്ടപരിഹാരം കണക്കാക്കാന്‍ പ്രത്യേക കമ്മീഷന്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം, തൃപ്പൂണിത്തുറ ചൂരക്കാട് പടക്ക സംഭരണ ശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഇതുവരെ രണ്ട് പേരാണ് മരിച്ചത്. പടക്കശാലയിൽ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി വിഷ്ണുവും മറ്റൊരു വ്യക്തിയായ 55 കാരൻ ദിവാകരനുമാണ് മരിച്ചത്. ഗുരുതര പൊള്ളലേറ്റ ദിവാകരൻ വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പൊലീസ് നടത്തിയ പരിശോധനയിൽ പടക്കങ്ങൾ സൂക്ഷിക്കാൻ അനുമതി ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വൻ പടക്കശേഖരം പൊട്ടിത്തെറിച്ചാണ് നാടിനെയാകെ നടുക്കിയ അപകടമുണ്ടായത്. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തിൽ നിന്നിറക്കുമ്പോൾ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ സമീപത്തെ 45 ഓളം വീടുകൾക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റർ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. അരകിലോമീറ്റർ അകലെ വരെ സ്ഫോടകാവശിഷ്ടങ്ങളുമെത്തി. ഒരു കിലോമീറ്റർ അകലെ നിന്നും വരെ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു.