അക്ഷയ കേന്ദ്രത്തിലെ ആധാർ യന്ത്രം ഹാക്ക് ചെയ്ത് വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചു ; സംഭവത്തിൽ പൊലീസ് അന്വേഷണം

എനി ഡസ്ക് എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുകൊണ്ട് ആധാര്‍ യന്ത്രത്തിന്‍റെ പ്രവര്‍ത്തനം നിശ്ചിത സമയത്തേക്ക് ഏറ്റെടുത്ത് വിവരങ്ങള്‍ തട്ടിപ്പുകാര്‍ ശേഖരിക്കുകയായിരുന്നു.

0
130

മലപ്പുറം: തിരൂരിൽ അക്ഷയ കേന്ദ്രത്തിലെ ആധാർ യന്ത്രം ഹാക്ക് ചെയ്ത് വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിലാണ് വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചതായി കണ്ടെത്തിയത്. അക്ഷയ കേന്ദ്രം അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം വിഭാഗമാണ് അന്വേഷിക്കുന്നത്. തിരൂർ അക്ഷയ കേന്ദ്രത്തിൽ നിന്നും ആധാർ എടുത്തവരുടെ അഡ്രസ് ഉപയോഗിച്ച് 38ഓളം ആധാർ കാർഡുകൾ നിർമ്മിച്ചതായാണ് കണ്ടെത്തിയത്.

സംഭവം നടക്കുന്നത് ഇങ്ങനനെയാണ് ജനുവരി 12ന് തിരൂർ ആലിങ്ങലിലെ അക്ഷയ കേന്ദ്രത്തിലേക്ക് ഡൽഹിയിലെ യു ഐ ഡി അഡ്മിൻ ആണെന്ന് പരിചയപ്പെടുത്തിയ ആളുടെ ഫോൺ കോൾ എത്തി. അക്ഷയയിലെ ആധാർ മെഷീൻ 10000 എൻറോൾമെന്‍റ് പൂർത്തിയാക്കിയതിനാൽ വെരിഫിക്കേഷൻ ആവശ്യമാണെന്നായിരുന്നു പറഞ്ഞത്. പരിശോധനയുടെ ഭാഗമായി എനി ഡസ്ക് എന്ന സോഫ്റ്റ്‌വെയർ കണക്ട് ചെയ്യാൻ നിർദ്ദേശിച്ചു. ഒരാളുടെ ആധാർ എൻറോൾമെന്‍റ് നടത്താനും ആവശ്യപ്പെട്ടു. അക്ഷയ അധികൃതർ ഇക്കാര്യങ്ങൾ ചെയ്തതോടെ പരിശോധന പൂർത്തിയായെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

പിന്നീട് പ്രോജക്ട് ഓഫീസിൽ നിന്നും മെയിൽ വന്നപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. എനി ഡസ്ക് എന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുകൊണ്ട് ആധാര്‍ യന്ത്രത്തിന്‍റെ പ്രവര്‍ത്തനം നിശ്ചിത സമയത്തേക്ക് ഏറ്റെടുത്ത് വിവരങ്ങള്‍ തട്ടിപ്പുകാര്‍ ശേഖരിക്കുകയായിരുന്നു. യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ വിശദമായ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഇതേ തുടർന്ന് വ്യാജ ആധാറുകൾ റദ്ദാക്കി. അക്ഷയ സെന്‍ററിലെ ആധാർ യന്ത്രം മരവിപ്പിക്കുകയും ചെയ്തു. ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചതോടെയാണ് അക്ഷയ അധികൃതർ പരാതി നൽകിയത്.

സംഭവത്തിൽ മലപ്പുറം സൈബർ ക്രൈം വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ഓൺലൈൻ തട്ടിപ്പിന് ഉൾപ്പെടെ ഉൾപ്പെടെ ഉപയോഗിക്കാൻ വേണ്ടിയാണ് വ്യാജ ആധാർ കാർഡുകൾ നിർമ്മിച്ചതെന്ന സംശയത്തിലാണ് പൊലീസ്. തിരൂരിലെ അക്ഷയ കേന്ദ്രത്തിൽ എൻറോൾ ചെയ്ത വ്യാജ ആധാറിന്‍റെ ബയോമേട്രിക് വിവരങ്ങൾ ഉൾപ്പെടുത്തിയത് പശ്ചിമ ബംഗാൾ, ജാർഖണ്ഡ് സംസ്ഥാന ങ്ങളിൽ നിന്നാണെന്ന വിവരം പൊലീസിന് കിട്ടിയിട്ടുണ്ട്.