എല്‍.പി.എയ്ഡഡ് സ്കൂളില്‍ പൂജ നടത്തിയ സംഭവം ; ചട്ടലംഘനമെന്ന് റിപ്പോർട്ട്, മാനേജ്മെന്‍റിനും അധ്യാപികക്കുമെതിരെ നടപടിയുണ്ടാകും

നേജ്മെന്‍റിനും പൂജയില്‍ പങ്കെടുത്ത അധ്യാപികക്കുമെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കും. നടപടി സംബന്ധിച്ച ഉത്തരവ് വൈകാതെ ഇറങ്ങിയേക്കും.

0
225

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂര്‍ എല്‍.പി.എയ്ഡഡ് സ്കൂളില്‍ മാനേജറുടെ മകന്‍റെ നേതൃത്വത്തില്‍ പൂജ നടത്തിയ സംഭവത്തില്‍ റിപ്പോർട്ട് സമർപ്പിച്ചു. സംഭവം അന്വേഷിച്ച കുന്നുമ്മല്‍ എ.ഇ.ഒ ചട്ടലംഘനം നടന്നതായി പെതുവിദ്യാഭ്യസ ഡയറക്ടര്‍ ജനറലിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ മാനേജ്മെന്‍റിനും പൂജയില്‍ പങ്കെടുത്ത അധ്യാപികക്കുമെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കും. നടപടി സംബന്ധിച്ച ഉത്തരവ് വൈകാതെ ഇറങ്ങിയേക്കും. സ്കൂളില്‍ നടന്ന പൂജ നിര്‍ത്തിവെക്കാന്‍ പ്രധാനാധ്യാപിക മാനേജരുടെ മകന്‍ രുധീഷിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അതനുസരിക്കാതെ പൂജ തുടര്‍ന്നു. ഇത് ചട്ടലംഘനമാണെന്നാണ് സംഭവം അന്വേഷിച്ച എ.ഇ.ഒയുടെ റിപ്പോര്‍ട്ട്.

വിദ്യാഭ്യാസ വകുപ്പായിരിക്കും ഇതുസംബന്ധിച്ച നടപടിയെടുക്കുക. വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസും പൊതുവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എഇഒ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ റിപ്പോര്‍ട്ട് കൈമാറും. തുടര്‍ന്നായിരിക്കും നടപടിയുണ്ടാകുകയെന്നാണ് വിവരം. സംഭവത്തില്‍ സിപിഎമ്മിന്‍റെ നേതൃത്ത്വത്തില്‍ സമര സമിതി രൂപീകരിച്ച് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രതിഷേധത്തില്‍ പങ്കാളികളായി. സംഭവത്തില്‍ നടപടി എടുക്കും വരെ സ്കൂള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സമരസമിതി.

ഇന്നലെ രാത്രിയാണ് സ്കൂള്‍ മാനേജരുടെ മകന്‍ രുധീഷിന്‍റെ നേതൃത്വത്തില്‍ സ്കൂളിനകത്ത് പൂജ നടത്തിയത്. സ്കൂളിലെ ഒരധ്യാപികയും പൂജയില്‍ പങ്കെടുത്തു. പ്രധാനാധ്യാപികയുടെ മുറിയിലും മറ്റ് രണ്ട് മുറികളിലുമായിരുന്നു പൂജ. സ്കൂള്‍ കോംബൗണ്ടിനകത്ത് രാത്രി എട്ടുമണിയോടെ വാഹനങ്ങള്‍ കണ്ട നാട്ടുകാര്‍ സ്കൂളിലെത്തിയപ്പോഴാണ് പൂജ നടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. വിവരമറിഞ്ഞെത്തിയ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ തൊട്ടില്‍പാലം പൊലീസെത്തി പൂജ നടത്തിയവരെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത ഏഴ് പേരെ പിന്നീട് വിട്ടയക്കുകയായിരുന്നു.