ആലുവയിൽ 7 വയസുകാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം കാർ നിർത്താതെ പോയ സംഭവം ; കാർ ഉടമയുടെ സുഹൃത്ത് അറസ്റ്റിൽ, കുട്ടിയെ ഇടിച്ചത് കണ്ടില്ലെന്ന് മൊഴി

അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം. കാറിൽ ഉടമയായ രഞ്ജിനിയുമുണ്ടായിരുന്നു. ഇവരെയും പ്രതിയാക്കും.

0
85

കൊച്ചി: ആലുവയിൽ റോഡിലേക്ക് തെറിച്ച് വീണ കുട്ടിയെ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോയ സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ. നെടുമ്പാശ്ശേരി സ്വദേശി ഷാൻ ആണ് അറസ്റ്റിലായത്. സംഭവത്തിൽ കാർ ഉടമയായ യുവതിയെയും പ്രതി ചേർക്കും. തൃക്കാക്കരയിലെ രഞ്ജിനിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. കമ്പ്യൂട്ടർ ഹാർഡ്‌വെയർ ടെക്‌നിഷ്യനാണ് ഷാൻ.

അപകടം സംഭവിച്ചപ്പോൾ കാർ ഓടിച്ചത് രഞ്ജിനിയുടെ സുഹൃത്തും നെടുമ്പാശ്ശേരി സ്വദേശിയുമായ ഷാൻ ആണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കുട്ടി കാറിനടയിൽപ്പെട്ടത് ശ്രദ്ധിച്ചില്ലെന്നാണ് ഷാൻ മൊഴി നൽകിയത്. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം. കാറിൽ ഉടമയായ രഞ്ജിനിയുമുണ്ടായിരുന്നു. ഇവരെയും പ്രതിയാക്കും.

ഇന്നലെ രാവിലെയാണ് ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്ത് കാര്‍ കയറി ഇറങ്ങിയത്. ഷാനും രഞ്ജിനിയും ക്ഷേത്രത്തിൽ പോയി വരികയായിരുന്നു. അച്ഛനൊപ്പം ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടെയാണ് കുട്ടി റോഡിലേക്ക് തെറിച്ച് വീണത്. പിന്നീലെയെത്തിയ കാർ കുട്ടിയുടെ ദേഹത്ത് കയറിയിറങ്ങി നിർത്താതെ പോകുകയായിരുന്നു. പരിക്കേറ്റ കുട്ടിയുടെ കരൾ, വൃക്ക അടക്കമുള്ള ആന്തരീകാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതം ഏറ്റിട്ടുണ്ട്. കുട്ടി നിലവിൽ വെന്‍റിലേറ്ററിൽ തുടരുകയാണ്.