തൃപ്പൂണിത്തുറ സ്‌ഫോടനം; തകർന്നത് 8 വീടുകൾ, ഉത്തരവാദികൾ നഷ്ടപരിഹാരം നൽകണമെന്ന് വീട് തകർന്നവർ

സ്ഫോടനത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം പുതിയകാവ് ക്ഷേത്രകമ്മറ്റിക്കെന്നാണ് തൃപ്പൂണിത്തുറ നഗരസഭ കൗൻസിലർമാർ പറയുന്നത്

0
133

കൊച്ചി: തൃപ്പൂണിത്തുറ സ്ഫോടനത്തിൽ 8 വീടുകള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. 40 വീടുകള്‍ക്ക് ബലക്ഷയമുണ്ടായി. എല്ലാം പഴയപടിയാകാൻ കോടികൾ ചെലവ് വരും. സ്ഫോടനത്തിന്‍റെ ഉത്തരവാദികള്‍ നഷ്ടപരിഹാരം നല്‍ഷണമെന്നാണ് വീട് തകര്‍ന്നവര്‍ ആവശ്യപ്പെടുന്നത്. സ്ഫോടനത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം പുതിയകാവ് ക്ഷേത്രകമ്മറ്റിക്കെന്നാണ് തൃപ്പൂണിത്തുറ നഗരസഭ കൗൻസിലർമാർ പറയുന്നത്. വീട് തകർന്നവർക്കും മറ്റും ക്ഷേത്രകമ്മറ്റി നഷ്ടപരിഹാരം നൽണം.

അതേസമയം, തൃപ്പൂണിത്തുറ ചൂരക്കാട് പടക്ക സംഭരണ ശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഇതുവരെ രണ്ട് പേരാണ് മരിച്ചത്. പടക്കശാലയിൽ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി വിഷ്ണുവും മറ്റൊരു വ്യക്തിയായ 55 കാരൻ ദിവാകരനുമാണ് മരിച്ചത്. ഗുരുതര പൊള്ളലേറ്റ ദിവാകരൻ വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പൊലീസ് നടത്തിയ പരിശോധനയിൽ പടക്കങ്ങൾ സൂക്ഷിക്കാൻ അനുമതി ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെ രാവിലെ 10.30 ആയിരുന്നു സ്ഫോടനം നടന്നത്. തൃപ്പൂണിത്തുറയിൽ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച വൻ പടക്കശേഖരം പൊട്ടിത്തെറിച്ചാണ് നാടിനെയാകെ നടുക്കിയ അപകടമുണ്ടായത്. പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തിൽ നിന്നിറക്കുമ്പോൾ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്.