അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ച് മോഷണം ; ചാർജിലിട്ട ഫോണുകള്‍ ജനല്‍ വാതില്‍ വഴി മോഷ്ടിക്കും, പ്രതി പിടിയിൽ

കുന്നമംഗലം സ്റ്റേഷന്‍ പരിധിയില്‍ ഒരു അടിപിടി കേസിലും പാത്രങ്ങള്‍ മോഷ്ടിച്ച കേസിലും ഇയാള്‍ നേരത്തേ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

0
67

കോഴിക്കോട്: അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കേന്ദീകരിച്ച് മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്നയാൾ പോലീസിന്റെ പിടിയിൽ. കുന്ദമംഗലം പെരിങ്ങൊളം പ്രഭാ നിവാസില്‍ ദിതോഷി(49)നെ ആണ് പൊലീസ് പിടികൂടിയത്. രാത്രിസമയങ്ങലിൽ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തെത്തി ചാര്‍ജ്ജ് ചെയ്യാനായി കുത്തിയിട്ട ഫോണുകള്‍ ജനല്‍ വാതില്‍ വഴി മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച എരഞ്ഞിപ്പാലം സെന്റ് വിന്‍സന്റ് കോളനിയില്‍ താമസിക്കുന്ന ത്രിപുര സ്വദേശിയുടെ പതിനായിരം രൂപ വില വരുന്ന റെഡ്മി കമ്പനിയുടെ ഫോണ്‍ മോഷണം പോയിരുന്നു. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. ഐ.എം.ഇ.ഐ നമ്പര്‍ നല്‍കിയത് അനുസരിച്ച് നടത്തിയ പരിശോധനയിലാണ് ദിതോഷ് വലയിലായത്. വീട്ടില്‍ വച്ചാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇയാളെ ചോദ്യം ചെയ്യുന്നതിനിടയിൽ കൈയ്യിലുണ്ടായിരുന്ന വില കൂടിയ മറ്റൊരു ഫോണ്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഇതും സമാന രീതിയില്‍ മോഷ്ടിച്ചതാണെന്ന് തെളിയുകയായിരുന്നു. 16,000 രൂപയോളം വിലയുണ്ടായിരുന്ന ഫോണും പോലീസ് പിടിച്ചെടുത്തു . കുന്നമംഗലം സ്റ്റേഷന്‍ പരിധിയില്‍ ഒരു അടിപിടി കേസിലും പാത്രങ്ങള്‍ മോഷ്ടിച്ച കേസിലും ഇയാള്‍ നേരത്തേ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

നടക്കാവ് പൊലീസ് ഇന്‍സ്പെക്ടര്‍ ജീജോ, എസ്.ഐമാരായ എന്‍. ലീല, ശശികുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍, ബവിത്ത്, ഷിജു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.